ഇന്ത്യൻ നിർമിത മോട്ടോർ സൈക്കിളുകൾ ആഗോളതലത്തിൽ തന്നെ മികച്ച വിൽപ്പന കൈവരിച്ചതായി ജർമൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ്. ഇന്ത്യയിൽ നിർമിച്ച ‘ജി 310 ആർ’, ‘ജി 310 ജി എസ്’ മോഡലുകൾ കമ്പനിയുടെ ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ആദ്യ അഞ്ചെണ്ണെത്തിനൊപ്പം ഇടംപിടിച്ചെന്നാണു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പിൽപെട്ട ബി എം ഡബ്ല്യു മോട്ടോറാഡ് വെളിപ്പെടുത്തിയത്.
ആഗോളതലത്തിൽ 24,363 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യൻ നിർമിത ‘ജി 310 ആർ’, ‘ജി 310 ജി എസ്’ മോഡലുകൾ ചേർന്ന് ബി എം ഡബ്ല്യുവിനു നേടിക്കൊടുത്തത്. ടി വി എസ് മോട്ടോർ കമ്പനിയുടെ സഹകരണത്തോടെ 2017ലാണു ബി എം ഡബ്ല്യു ഇന്ത്യയിൽ ഈ ബൈക്കുകളുടെ ഉൽപ്പാദനം ആരംഭിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെ ലോകവ്യാപകമായി ഈ ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കാനും കമ്പനിക്കു കഴിഞ്ഞിരുന്നു.
ആഗോളതലത്തിൽ ഈ ബൈക്കുകൾ ജനപ്രീതിയാർജിച്ചതിന്റെ സൂചനയാണു വിൽപ്പന കണക്കെടുപ്പിൽ പ്രതിഫലിക്കുന്നതെന്നു ബി എം ഡബ്ല്യു വിലയിരുത്തി. ബി എം ഡബ്ല്യു ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള അഞ്ചു മോഡലുകൾക്കൊപ്പം ജി 310 ആർ’, ‘ജി 310 ജി എസ്’ ബൈക്കുകൾ ഇടംനേടുകയും ചെയ്തു.
കഴിഞ്ഞ വർഷം മൊത്തം 1,65,566 ബൈക്കുകളാണു ബി എം ഡബ്ല്യു ആഗോളതലത്തിൽ വിറ്റത്; 2017ലെ വിൽപ്പനയായ 1,64,153 യൂണിറ്റിനെ അപേക്ഷിച്ച് 0.9% അധികമാണിത്. അടുത്ത വർഷത്തോടെ ആഗോള വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തിക്കാനും ബി എം ഡബ്ല്യു ലക്ഷ്യമിട്ടിട്ടുണ്ട്.
അതിനിടെ ‘2019 ആർ 1250 ജി എസ്’, ‘2019 ആർ 1250 ജി എസ് അഡ്വഞ്ചർ’ എന്നീ മോഡലുകൾ കഴിഞ്ഞ ദിവസം ബി എം ഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ‘ആർ 1250 ജി എസ് അഡ്വഞ്ചറി’ന് 16.85 ലക്ഷം രൂപയും ‘ആർ 1250 ജി എസ് അഡ്വഞ്ചർ സ്റ്റാൻഡേഡി’ന് 18.25 ലക്ഷം രൂപയുമാണു ഷോറൂം വില. ‘ആർ 1250 ജി എസ് പ്രോ’യ്ക്കാവട്ടെ 20.05 ലക്ഷം രൂപയാണു വില. മുന്തിയ വകഭേദമായ ‘ആർ 1250 ജി എസ് അഡ്വഞ്ചർ പ്രോ’ സ്വന്തമാക്കാൻ 21.95 ലക്ഷം രൂപ മുടക്കണം. വിദേശ നിർമിതമായ ഈ ബൈക്കുകൾ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. അഞ്ചു ലക്ഷം രൂപ അഡ്വാൻസ് നൽകി ബൈക്കുകൾ ബുക്ക് ചെയ്യാനും ബി എം ഡബ്ല്യു അവസരമൊരുക്കിയിട്ടുണ്ട്. ‘ബി എം ഡബ്ല്യു 1250 ജി എസ്’ ബ്ലാക്ക് സ്റ്റോം മെറ്റാലിക്, കോസ്മിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്.