റോഡിനു തീപിടിപ്പിക്കുന്ന സ്റ്റണ്ട്, ആരും കൊതിക്കും ഈ എക്സ്‌യുവി 300– വിഡിയോ

ചെറു എസ്‌യുവി വിപണിയിൽ ഇന്നുവരെ മറ്റാരും നൽകാത്ത സൗകര്യങ്ങളുമായാണ് മഹീന്ദ്ര എക്സ്‌യുവി 300 എത്തുന്നത്. വിപണിയിൽ എത്തുന്നതിനു മുമ്പുതന്നെ താരമായ എക്സ്‌യുവിയുടെ സ്റ്റണ്ട് വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത റാലി ഡ്രൈവർ ഗൗരവ് ഗില്ലാണ് സ്റ്റിയങ്ങിനു പിന്നിൽ.

അതിവേഗത്തിലുള്ള കോർണറിങ്ങും ഡ്രിഫ്റ്റിങ്ങുമെല്ലാം മഹീന്ദ്ര പുറത്തുവിട്ട വിഡിയോയിലൂണ്ട്. വെറുമെരു കോംപാക്ട് എസ്‌യുവിയല്ല മഹീന്ദ്ര എക്സ്‌യുവി 300 എന്നാണ് കമ്പനി പറയാൻ ശ്രമിക്കുന്നത്. കരുത്തും പെർഫോമൻസും മികച്ച സ്റ്റെബിലിറ്റിയുമെല്ലാം പുതിയ വാഹനത്തിനുണ്ടെന്നും വേണ്ടി വന്നാൽ ‌അൽപം ഓഫ് റോഡിങ് നടത്താൻ എക്സ്‌യുവി 300 പ്രാപ്തനാണെന്നും മഹീന്ദ്ര പറയുന്നു.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി ടിവോളിയുടെ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എക്സ്‌യുവി 300 ൽ ഉപയോഗിക്കുന്നത്. സെഗ്‌മെന്റിൽ ആദ്യമായി സൺറൂഫുമായി എത്തുന്ന വാഹനമാണ് ചെറു എസ്‌യുവി. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, നാലു വീലുകളിലും ഡിസ്ക് ബ്രേക്ക് തുടങ്ങി സെഗ്‍മെന്റിൽത്തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും ഈ ചെറു എസ്‌യുവിയിൽ.

എൻജിൻ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനും 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനുമുണ്ടാകും. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കുമുണ്ടാകും ഡീസൽ എൻജിന്. സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുടുതൽ കരുത്തുള്ള എൻജിനും ഇതു തന്നെയാകും.