നിസാന്റെ ചെറു എസ് യു വി കിക്സ് വിപണിയിൽ. വില 9.55 ലക്ഷം മുതല്‍. രണ്ടു വകഭേദങ്ങളിൽ ലഭിക്കുന്ന കിക്സിന്റെ പെട്രോൾ പതിപ്പിന് 9.55 ലക്ഷം രൂപ മുതൽ 10.95 ലക്ഷം രൂപ വരെയും, നാലു വകഭേദങ്ങളിൽ ലഭിക്കുന്ന ഡീസൽ പതിപ്പിന് 10.85 ലക്ഷം മുതൽ 14.65 ലക്ഷം വരെയുമാണ് എക്സ് ഷോറൂം വില. പുറത്തിറക്കലിന് മുന്നോടിയായി കിക്സിന്റെ ബുക്കിങ്ങുകൾ കമ്പനി നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു.
രാജ്യാന്തര വിപണിയിലെ സൂപ്പർഹിറ്റ് വാഹനമായ കിക്സ് ഇന്ത്യയിലെത്തുമ്പോൾ കാതലായ മാറ്റങ്ങളുണ്ടെന്നാണ് കമ്പനി പറയുന്നത്. രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് കൂടുതൽ വലിപ്പത്തോടെയാണ് ഇന്ത്യയിലേക്കുള്ള കിക്സിന്റെ വരവ്. നിസ്സാന്റെ വി പ്ലാറ്റ്ഫോമിനു പകരം ഫ്രഞ്ച് പങ്കാളിയായ റെനോയുടെ എം സീറോ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിലെ കിക്സിന് അടിത്തറയാവുന്നത്. ഇതോടെ 4,384 എം എം നീളവും 1,813 എം എം വീതിയും 1,656 എം എം ഉയരവും 2,673 എം എം വീൽബേസുമുണ്ടാകും.
എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ്, കോർണറിങ് അസിസ്റ്റുള്ള ഫോഗ്‍ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകള്‍, റാപ് എറൗണ്ട് ടെയിൽ ലാംപ് എന്നിവ കിക്സിന്റെ വിവിധ മോഡലുകളിലുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, നിസാൻ ഇന്റലിജെന്റ് കണക്റ്റ്‌വിറ്റി എന്നിവയുമുണ്ട്.
1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് കിക്സിന് കരുത്തേകുന്നത്. 110 ബി എച്ച് പിയോളം കരുത്തും 240 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഡീസൽ എൻജിന് കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 106 ബി എച്ച് പി കരുത്തും 142 എൻ എം ടോർക്കും സൃഷ്ടിക്കുന്ന പെട്രോൾ എൻജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്.