ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം നിർമിക്കുന്നവരാണ് വോൾവോ. ഇന്നു വാഹനങ്ങളിൽ കാണുന്ന പല സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും അവർ തന്നെ. ക്രാഷ് ടെസ്റ്റും റോൾഓവർ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായ വോൾവോ സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയുടെ പ്രിയ താരം സൗബിൻ സാഹിർ.
അന്നയും റസൂലും, പ്രേമം, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ തുടങ്ങി ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയതാരമായി മാറിയ സൗബിൻ, വോൾവെയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ എക്‌സ്‌സി 90യാണ് സ്വന്തമാക്കിയത്. ആഡംബരവും സുരക്ഷയും ഒരുപോലെ നൽകുന്ന എക്സ് സി 90, വോൾവോയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്.
വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90. ഡീസൽ എൻജിനും പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പുമുണ്ട് എക്സ്‌സി 90 ക്ക് ഇന്ത്യയിൽ. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. എക്‌സ്‌സി90 പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ 2.0 ലീറ്റർ പെട്രോൾ എൻജിന് 320 എച്ച് പി യും ഇലക്ട്രിക് മോട്ടോറിന് 87 എച്ച് പിയുമാണു കരുത്ത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.6 സെക്കൻഡ് മാത്രം മതി. ഏകദേശം 77 ലക്ഷം മുതൽ 1.30 കോടി രൂപവരെയാണ് വോൾവോയുടെ വിവിധ മോഡലുകളുടെ വില.