ബോയിങ്ങിന്റെ പറക്കും കാറിന് വിജയകരമായ പരീക്ഷണപ്പറക്കൽ

boeing-flying-car
SHARE

സിയാറ്റിൽ (യുഎസ്)∙ നഗരങ്ങളിലെ ഗതാഗതക്കുരുക്കിനു മുകളിലൂടെ യാത്രക്കാരുമായി പറന്നുനീങ്ങുന്ന ചെറുവിമാനങ്ങള്‍ – ആ കാഴ്ചയിലേക്ക് ഇനി അധിക ദൂരമില്ലെന്ന പ്രഖ്യാപനവുമായി, വിമാനനിർമാതാക്കളായ ബോയിങ്ങിന്റെ  പിഎവി (പാസഞ്ചർ എയർ വെഹിക്കിൾ) പരീക്ഷണപ്പറക്കൽ നടത്തി. പറക്കുംകാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വാഹനം ഒരു മിനിറ്റിൽ താഴെ സമയമാണു പറന്നത്. വിർജീനിയയിലെ മനസ്സാസ് വിമാനത്താവളത്തിൽ നടത്തിയ പരീക്ഷണത്തിന്റെ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ വിജയിച്ചു. പൈലറ്റ് വേണ്ടാത്ത പൂർണമായും സ്വയംനിയന്ത്രിത വിമാനമാണ് പിഎവി

ഭാവിയുടെ വാഹനം

പറക്കുംകാർ‌ എന്നു പേരൊക്കെയുണ്ടെങ്കിലും കാറുമായി ഇതിനു ബന്ധമൊന്നുമില്ല.ഒരു ചെറിയ എയർക്രാഫ്റ്റെന്നു വിളിക്കാം.ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും വിമാനത്തിന്റെയും സവിശേഷതകൾ ഇതിൽ ഒത്തിണങ്ങിയിരിക്കുന്നു.വാഹനത്തിന്റെ ബോഡി ഒരു ബേസിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ബേസിലുള്ള എട്ട്  ഇലക്ട്രിക് പ്രൊപ്പല്ലറുകളാണു വിമാനത്തിന്റെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും സഹായിക്കുന്നത്.മുന്നോട്ടുള്ള യാത്രയ്ക്കു പുറകിൽ മറ്റൊരു പ്രൊപ്പല്ലറുമുണ്ട്. 30 അടി നീളം (9.14 മീറ്റർ), 28 അടി വീതി (8.53 മീറ്റർ) എന്നിവയാണ് എയർക്രാഫ്റ്റിന്റെ ആകാരസവിശേഷതകൾ. 80 കിലോമീറ്റർ ദൂരം ഒറ്റപ്പറക്കലിൽ താണ്ടാനാകുമെന്നു കരുതപ്പെടുന്നു.  രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാവുന്ന രണ്ടുതരം മോഡലുകൾ പരിഗണനയിലുണ്ട് . നിലത്തിറക്കുമ്പോൾ പ്രൊപ്പല്ലറും റോട്ടറും മടക്കിവെക്കാവുന്ന വിധത്തിലാണു രൂപക‌ൽപന. 

ലക്ഷ്യവും വെല്ലുവിളികളും

കാർഗോ വിതരണത്തിനും ടാക്സിയായും ആംബുലൻസ് ആയും വിനോദ മേഖലയിലും രക്ഷാപ്രവർത്തനങ്ങൾക്കുമെല്ലാം പ്രയോജനപ്പെടുത്താം.  എന്നാൽ ഈ  ഗതാഗത മാർഗം ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ പ്രധാനവെല്ലുവിളിയാണ്. പറന്നുയരാനും ഇറങ്ങാനുമുള്ള സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിനും സമയമെടുക്കുമെന്നു ഗവേഷകർ പറയുന്നു. മറ്റു കമ്പനികളും സ്വയം പറക്കുന്ന, ഡ്യുവൽ മോഡ് വെഹിക്കിൾ ഗവേഷണങ്ങളുമായി എയർബസ് പോലുള്ള വമ്പൻമാരും ഒട്ടേറെ വാഹനനി‍‍ർ‌മാതാക്കളും സ്റ്റാർട്ടപ്പുകളും നിലവിൽ രംഗത്തുണ്ട്. മണിക്കൂറിൽ 170–180 കിമീ വേഗത്തിൽ പറക്കാവുന്ന മോഡലുകൾ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. രാജ്യാന്തര ടാക്സി സർവീസ് കമ്പനി ഊബറും രംഗത്തുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA