ഇക്കൊല്ലം മധ്യത്തോടെ വൈദ്യുത എസ് യു വിയായ ‘കോന’യുടെ നിർമാണം ചെന്നൈയിലെ ശാലയിൽ ആരംഭിക്കുമെന്നു കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). വൈദ്യുത വാഹന ഉൽപ്പാദനം കൂടി മുൻനിർത്തി 7,000 കോടി രൂപയുടെ നിക്ഷേപമാണ് ശ്രീപെരുംപുത്തൂരിലെ ശാലയിൽ ഹ്യുണ്ടേയ് നടത്തുന്നത്.
കോന ഇക്കാല്ലം രണ്ടാം പകുതിയിൽ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് എച്ച് എം ഐ എൽ വൈസ് പ്രസിഡന്റ്(കോർപറേറ്റ് അഫയേഴ്സ്) ബി സി ദത്തയാണ് അറിയിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടാൻ ‘കോന’യ്ക്കു കഴിയും; 60 മിനിറ്റാണ് ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാൻ വേണ്ടത്. തുടക്കത്തിൽ ആഭ്യന്തര വിപണി ലക്ഷ്യമിട്ടാവും ‘കോന’യുടെ ചെന്നൈയിലെ ഉൽപ്പാദനമെന്നും പിന്നീട് കയറ്റുമതിയും പരിഗണിക്കുമെന്നും ദത്ത വ്യക്തമാക്കി.
ചെന്നൈ ശാലയിലെ പുതിയ നിക്ഷേപത്തിൽ നല്ലൊരു പങ്ക് വൈദ്യുത വാഹന നിർമാണത്തിനുള്ള വിഹിതമാവും. അവശേഷിക്കുന്ന തുക പുതിയ കാർ മോഡൽ അവതരണങ്ങൾക്കും സാങ്കേതികവിദ്യ നവീകരണത്തിനും യന്ത്രങ്ങളുടെ പരിഷ്കരണത്തിനുമെല്ലാമാവും ചെലവഴിക്കുക. വികസന പദ്ധതി പൂർത്തിയാവുന്നതോടെ ചെന്നൈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഏഴു ലക്ഷം യൂണിറ്റിൽ നിന്ന് എട്ടു ലക്ഷം യൂണിറ്റായി ഉയരുമെന്നാണു പ്രതീക്ഷ. പ്ലാന്റിൽ പുതുതായി 1,500 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണു കണക്കാക്കുന്നതെന്നു ദത്ത വെളിപ്പെടുത്തി.
കേന്ദ്ര സർക്കാർ ഊർജിതമായി ശ്രമിക്കുന്നതിനൊപ്പം വിവിധ വാഹന നിർമാതാക്കളും സജീവമായോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖല ഉണർവ് കൈവരിക്കുമെന്നാണു പ്രതീക്ഷ. ഹ്യുണ്ടേയിക്കു പുറമെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, നിസ്സാൻ, ഔഡി തുടങ്ങിയ കമ്പനികളും വൈകാതെ വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നുണ്ട്.