അന്ന് മുറിയിലെ ചിത്രമായിരുന്നു ലംബോർഗിനി, ഇന്ന് ? പൃഥ്വിരാജ് പറയുന്നു

prithviraj-lamborghini
SHARE

ലംബോർഗിനി, ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നമായിരിക്കുമത്‌. കുതിക്കാൻ വെമ്പി നിൽക്കുന്ന കാളക്കൂറ്റന്റെ ലോഗോ കണ്ട് ഒരിക്കലെങ്കിലും അതൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു കനവുകാണാത്തവർ വണ്ടി ഭ്രാന്തന്മാർക്കിടയിൽ കുറവായിരിക്കും. ആ സൂപ്പർകാറിനെ സ്വപ്നം കണ്ടൊരു കുട്ടിയായിരുന്നു പണ്ടു പ‍ൃഥ്വിരാജും. വർഷങ്ങൾ  നീണ്ട ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ലംബോർഗിനി സ്വന്തമാക്കിയതിലൂടെ നടന്നതെന്നും കുട്ടിയായിരുന്നപ്പോൾ മുതൽ മുറിയിലെ ഭിത്തിയിൽ സ്വപ്ന വാഹനത്തിന്റെ ചിത്രം പതിച്ചുവെച്ചിരുന്നുവെന്നും പൃഥ്വി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

റോഡുകള്‍ മോശമാണ്, ലംബോർഗിനി വാങ്ങേണ്ട എന്നുവേണമെങ്കിൽ എനിക്ക് തീരുമാനിക്കാമായിരുന്നു, പക്ഷേ ഞാൻ എന്റെ സ്വപ്നത്തിന്റെ പുറകേപോയി. ഒരു പക്ഷേ, ഇനിയും 20 വർഷം കഴിഞ്ഞാല്‍ ഒരു ലംബോർഗിനി വാങ്ങണമെന്നൊന്നും എനിക്ക് തോന്നില്ലായിരിക്കാം. കാലങ്ങൾക്കു മുൻപ് ഞാൻ കണ്ട സ്വപ്നം ഇപ്പോഴും എന്നിൽ  നിലനിൽക്കുകയും അതു വാങ്ങാൻ എനിക്കിപ്പോൾ കഴിയുകയും ചെയ്യുമ്പോൾ, ഞാനത് വാങ്ങണം അതുകൊണ്ട് തന്നയാണ് ലംബോർഗിനി വാങ്ങിയതെന്ന് പൃഥ്വി പറയുന്നു. അതുപോലെ തന്നെ ലംബോർഗിനി വാങ്ങിക്കഴിഞ്ഞപ്പോൾ 'ഇവിടെ എവിടെയാണ് ലംബോർഗിനി ഓടിക്കാൻ പോകുന്നതെന്ന് താങ്കൾക്ക് വട്ടുണ്ടോ' എന്നാണ് ആളുകൾ ചോദിച്ചത്. പക്ഷേ, ആ വാഹനം സ്വന്തമാക്കിയതിലൂടെ ‍ഞാൻ സാക്ഷാത്കരിച്ചത് വർഷങ്ങൾ നീണ്ട എന്റെ സ്വപ്നമാണ്.

prithviraj-lamborghini-3

കഴിഞ്ഞ വർഷം ആദ്യമാണ് പ‍ൃഥ്വിരാജ് ലംബോർഗിനി ഹുറാകാൻ സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ 2.13 കോടി വിലയുള്ള ഹുറാകാനാണ് കേരള റജിസ്ട്രേഷനിലുള്ള ആദ്യ ലംബോർഗിനി. സൂപ്പർകാറിനായി ഏഴു ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പറും താരം സ്വന്തമാക്കിയിരുന്നു.  ലംബോര്‍ഗിനിയുടെ ഏറ്റവും സൂപ്പർഹിറ്റ് മോഡലാണ് ഹുറാകാന്‍. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റ് (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫോമെന്റ് സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ വാഹനം ലഭ്യമാണ്.

prithviraj-lamborghini-2

വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ‌ിനി ഹുറാകാന്‍ വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്. പൃഥ്വിരാജ് സ്വന്തമാക്കിയ എല്‍പി 580 2 എന്ന മോഡലിന് 572 ബി എച്ച് പിയാണ് കരുത്ത്.  ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA