സൂപ്പർ ഹിറ്റായി ഹാരിയർ, കാത്തിരിപ്പ് 3 മാസം

ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയർ’ സ്വന്തമാക്കാനുള്ള കാത്തിരിപ്പ് മൂന്നു മാസത്തോളം നീളുമെന്നു സൂചന. കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഹാരിയറി’നുള്ള ബുക്കിങ്ങുകൾ ടാറ്റ ഒക്ടോബർ മുതൽ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഡിസംബറിനകം തന്നെ പതിനാറായിരത്തിലേറെ ബുക്കിങ്ങുകൾ ‘ഹാരിയർ’ വാരിക്കൂട്ടിയെന്നാണു സൂചന.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ‘എച്ച് ഫൈവ് എക്സ് കൺസപ്റ്റ്’ എന്ന നിലയിൽ പ്രദർശിപ്പിച്ച ‘ഹാരിയറി’ന് മുംബൈ ഷോറൂമിൽ 12.69 ലക്ഷം മുതൽ 16.25 ലക്ഷം രൂപ വരെയാണു വില. അവതരണത്തിനു പിന്നാലെ തന്നെ ടാറ്റ മോട്ടോഴ്സ് വാഹനം ബുക്ക് ചെയ്തവർക്ക് ‘ഹാരിയർ’ കൈമാറിത്തുടങ്ങിയിരുന്നു. എന്നാൽ ആവശ്യക്കാരേറിയ സാഹചര്യത്തിൽ പുതിയ ‘ഹാരിയർ’ ലഭിക്കാനുള്ള കാത്തിരിപ്പ് മൂന്നു മാസം വരെ നീളുമെന്നാണു സൂചന.

ഫിയറ്റിൽ നിന്നുള്ള രണ്ടു ലീറ്റർ, ഡീസൽ എൻജിനാണു ‘ഹാരിയറി’നു കരുത്തേകുന്നത്; 140 ബി എച്ച് പി കരുത്തും 350 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. ഭാവിയിൽ ഹ്യുണ്ടേയിൽ നിന്നു കടമെടുക്കുന്ന ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും ‘ഹാരിയർ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. വർഷാവസാനത്തോടെ ഏഴു സീറ്റുള്ള ‘ഹാരിയ’റും വിപണിയിലെത്തിയേക്കും.