മാരുതി സുസുക്കിയുടെ പുത്തൻ ഹാച്ച്ബാക്കായ വാഗൺആറിന് മികച്ച വരവേൽപ്പ്. കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച കാറിനായി 12,000 ബുക്കിങ് ലഭിച്ചെന്നാണു കണക്ക്; കഴിഞ്ഞ 14നായിരുന്നു മാരുതി സുസുക്കി പുതിയ വാഗൺആറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. മാരുതി സുസുക്കി അരീന ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയുമാണ് വാഗൺആർ ബുക്കിങ്ങുകൾ സ്വീകരിച്ചിരുന്നത്; 11,000 രൂപയായിരുന്നു അഡ്വാൻസ് തുക.
കാർ കാണും മുമ്പാണ് പലരും പുതിയ വാഗൻ ആർ ബുക്കുചെയ്തത് എന്നതു മാരുതി സുസുക്കി മോഡലുകളിൽ ഇന്ത്യയ്ക്കുള്ള വിശ്വാസ്യതയാണു തെളിയിക്കുന്നത്. ഡിസ്പ്ലേ കാറുകൾ ഡീലർഷിപ്പുകളിൽ എത്തിയ സാഹചര്യത്തിൽ വാഗൺആറിനുള്ള ആവശ്യക്കാർ ഇനിയുമേറുമെന്നാണു പ്രതീക്ഷ. നിലവിൽ മൂന്നാം തലമുറയോളമെത്തിയ വാഗൺആർ ഇതുവരെ ഇന്ത്യയിൽ 22 ലക്ഷം യൂണിറ്റ് വിൽപ്പനയാണു വാരിക്കൂട്ടിയത്. ഡൽഹി ഷോറൂമിൽ 4.19 ലക്ഷം മുതൽ 5.69 ലക്ഷം രൂപ വരെ വില നിശ്ചയിച്ചാണു മാരുതി സുസുക്കി പുതിയ വാഗൺആർ അവതരിപ്പിച്ചത്.
പുത്തൻ പ്ലാറ്റ്ഫോമിലാണു മാരുതി സുസുക്കി 2019 വാഗൺആർ സാക്ഷാത്കരിച്ചിരിക്കുന്നത്. അകത്തെ സ്ഥലസൗകര്യം വർധിച്ചതിനൊപ്പം കൂടുതൽ സംവിധാനങ്ങളും മാരുതി സുസുക്കി പുതിയ വാഗൺആറിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് പെട്രോൾ എൻജിൻ സാധ്യതകളോടെയാണു പുതിയ വാഗൺആറിന്റെ വരവ്; അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകൾ ഇരു എൻജിനുകൾക്കുമൊപ്പം ലഭ്യമാണ്.
ഒരു ലീറ്റർ എൻജിൻ നിലനിർത്തിയതിനു പുറമെ 1.2 ലീറ്റർ, കെ സീരീസ് എൻജിൻ സഹിതവും ഇക്കുറി വാഗൺആർ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. കരുത്തേറിയ എൻജിനുള്ള വാഗൺആറിനാണ് ആവശ്യക്കാരേറെയെന്നാണു മാരുതി സുസുക്കി ഡീലർമാർ നൽകുന്ന സൂചന.