ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേർന്ന റോൾസ് റോയ്സ് കാറുകളിലെത്തി വാർത്തയിൽ നിറഞ്ഞ സിഖ് വ്യവസായി റൂബൻ സിങ്ങിനെ ഓർമയില്ലേ? സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയ ടർബൻ ചലഞ്ച് സൃഷ്ടിച്ച റൂബൻ സിങ്, വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്. അന്ന് തന്റെ തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനെ ടർബൻ ചലഞ്ചിന് വിളിച്ചാണ് റൂബൻ സിങ് താരമായതെങ്കിൽ ഇപ്പോൾ ആറ് റോൾസ് റോയ്സ് കാറുകൾ ഒരുമിച്ച് സ്വന്തമാക്കി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് സർദാർജി.
മൂന്നു റോൾസ് റോയ്സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്റെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയവ. രത്ന ശേഖരം എന്നു പേരിട്ടിരിക്കുന്ന പുതിയ കാറുകൾ റൂബി, എമറാൾഡ്, സാഫ്രോൺ നിറങ്ങളിലാണ്. റോൾസ് റോയ്സ് കാറുകളുടെ ആരാധകനായ റൂബൻ സിങ്ങിന്റെ ഗ്യാരേജിൽ 20 റോൾസ് റോയ്സ് കാറുകളുണ്ട്. കൂടാതെ പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്റോൺ, പഗാനി, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 തുടങ്ങി ആഡംബര, സൂപ്പർകാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഏകദേശം 2.5 ലക്ഷം യൂറോയാണ് റോൾസ് റോയ്സ് കള്ളിനാന്റെ യൂറോപ്യൻ വില. റോൾസ് റോയ്സിന്റെ നിരയിലെ ഏറ്റവും വില കൂടിയ കാറായ ഫാന്റത്തിന്റെ യുകെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.
ബ്രിട്ടിഷ് ബിൽഗേറ്റ്സ് എന്നു സ്വയം വിശേഷിപ്പിക്കുന്ന റൂബൻ സിങ് തന്നെയാണ് താൻ പുതിയ കാറുകൾ സ്വന്തമാക്കിയ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരിൽ ഒരാളായ റൂബൻ, ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ മേധാവി കൂടിയാണ്.