ടെസ്‌ലയുടെ മോഡൽ എസുമായി മത്സരിക്കാൻ പൊർഷെയുടെ ആദ്യ വൈദ്യുത കാർ ടൈകാൻ. ഈ വർഷം തന്നെ ടൈകാനെ പൊർഷെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മിഷൻ ഇ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൺസെപ്റ്റ് മോഡലിനാണ് ടൈകാൻ എന്ന പേരു നൽകിയത്. പോർഷെയുടെ ചിഹ്നമായ, 'കുതിച്ചു ചാടാനൊരുങ്ങുന്ന കുതിര'യിൽ നിന്നു പ്രചോദിതമാണ് ടൈകാൻ എന്ന പേര്; ചുറുചുറുക്കുള്ള കുട്ടിക്കുതിര എന്നാണ് ഈ പേരിന് അർഥമെന്നും പോർഷെ വിശദീകരിക്കുന്നു.
അതിവേഗ ചാർജിങ് സംവിധാനം ഉപയോഗിക്കുന്ന കാറിന് വെറു നാലുമിനിറ്റ് ചാർജു ചെയ്താൽ 100 കിലോമീറ്റർ ഓടാൻ സാധിക്കും. നിലവിലെ വൈദ്യുത കാർ നിർമാതക്കളെയെല്ലാം കടത്തിവെട്ടുന്ന സംവിധാനമാണത് എന്നാണ് കമ്പനിയുടെ അവകാശവാദം. ഫുൾ ചാർജ് ചെയ്താണ് എകദേശം 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും ടൈകാനിന്.
രണ്ടു ഇലക്ട്രിക് മോട്ടറുകൾ ഉപയോഗിക്കുന്ന കാറിന് ഏകദേശം 600 ബിഎച്ച്പി കരുത്തുണ്ടാകും. മൂന്നര സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ടൈകാനു കഴിയുമെന്ന് പോർഷെ പറയുന്നു. കൂടാതെ വെറും 12 സെക്കൻഡിൽ കാർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. ഒപ്പം 800 വോൾട്ട് സ്രോതസിൽ നിന്നു അതിവേഗം ചാർജ് ചെയ്താൽ 500 കിലോമീറ്ററോളം പിന്നിടാൻ കാറിനു കഴിയുമെന്നും പോർഷെ വ്യക്തമാക്കുന്നു.
ഫ്രാങ്ക്ഫുർട്ടിൽ 2015ൽ നടന്ന രാജ്യാന്തര വാഹന പ്രദർശനത്തിലായിരുന്നു പോർഷെ മിഷൻ ഇ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പാനമീറ, 911 എന്നിവയ്ക്കിടയിൽ ഇടം പിടിക്കുന്ന ടൈകാൻ ഈ വർഷം അവസാനത്തോടെ പോർഷെ രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. കാറിന്റെ വില സംബന്ധിച്ചു വ്യക്തതയില്ലെങ്കിലും എൻട്രി ലവൽ മോഡലായ പാനമീറയ്ക്കു സമാനമായ നിലവാരത്തിൽ ടൈകാൻ വിപണിയിലിറക്കുമെന്നാണു ബ്ലൂമിന്റെ വാഗ്ദാനം. പാനമീറയുടെ വില 85,000 ഡോളർ (ഏകദേശം 57.40 ലക്ഷം രൂപ) ആണ്.