കാത്തിരിക്കാം പുതിയ ഹോണ്ട സിറ്റിക്കായി
Mail This Article
ഹോണ്ടയുടെ ജനപ്രിയ കാർ സിറ്റിയുടെ പുതിയ പതിപ്പ് ഉടൻ. അഞ്ചാം തലമുറ സിറ്റി അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2014ൽ വിപണിയിലെത്തിയ നാലാം തലമുറ സിറ്റിയുടെ ഫെയ്സ്‌ലിഫ്റ്റ് 2017ൽ പുറത്തിറങ്ങിയിരുന്നു. മിഡ് സൈഡ് സെഡാൻ സെഗ്മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നായ സിറ്റിയുടെ അഞ്ചാം തലമുറ വിപണിയിലെത്തുമ്പോൾ വീണ്ടും വലിപ്പം കൂടിയേക്കും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഞ്ചുവർഷം കൂടുമ്പോൾ പുതിയ തലമുറ പുറത്തിറക്കുന്ന പാരമ്പര്യം ഹോണ്ട കാത്തു സുക്ഷിക്കും എന്നാണ് പ്രതീക്ഷ.
ഇന്റീരിയറിലും എക്ടീരിയറിലും മാത്രമല്ല എൻജിനിലും കാര്യമായ മാറ്റങ്ങളുണ്ടാകും. കൂടാതെ ഹൈബ്രിഡ് പതിപ്പും എത്തിയേക്കാം. അമേയ്സിലുടെ അരങ്ങേറിയ ഹോണ്ടയുടെ ഡീസൽ എൻജിനുമായായിരുന്നു നാലാം തലമുറ സിറ്റിയുടെ വരവ്. വിപണിയിൽ മികച്ച വരവേൽപ്പ് ലഭിച്ച ഡീസൽ സിറ്റി അഞ്ചാം തലമുറയാകുമ്പോൾ കൂടുതൽ ഇന്ധനക്ഷമതയും കരുത്തും പ്രതീക്ഷിക്കാം.
കൂടാതെ അടുത്തിടെ ഹോണ്ട സിവിക്കിലൂടെ രാജ്യാന്തര വിപണിയിൽ അരങ്ങേറിയ 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും പുതിയ സിറ്റിയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. 130 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. മാനുവൽ ഗിയർബോക്സ് കൂടാതെ രണ്ടാം തലമുറ അമേയ്സിലൂടെ അരങ്ങേറിയ ഡീസൽ സിവിടിയും പുതിയ സിറ്റിയിലുണ്ടാകും.