മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ മാരുതിയുടെ ലൈനപ്പിലെ സൂപ്പര്‍താരത്തിനെ സ്വന്തമാക്കിയിരിക്കുന്നു. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ബലേനൊയുടെ പരിഷ്‌കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനൊയുടെ ഉയര്‍ന്ന വകഭേദമായ ആല്‍ഫയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്.

1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ബലേനൊ വിപണിയിലുണ്ട്. 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ, ബിഎസ്6  1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും മാരുതി പുറത്തിറക്കി. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനൊ. പെട്രോള്‍ മോഡലിന്റെ വില 5.58 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയാണ്. ഡെല്‍റ്റ, സീറ്റ വകഭേദങ്ങളില്‍ മാത്രമാണ് സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകള്‍ ലഭിക്കുക. 7.25 ലക്ഷം രൂപയും 7.86 ലക്ഷം രൂപയുമാണ് സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളുടെ വില.

പുറത്തിറങ്ങിയ വര്‍ഷം തന്നെ രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ച ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ അഞ്ചു ലക്ഷം യൂണിറ്റ് വില്‍പന കൈവരിച്ചതിന്റെ റെക്കോര്‍ഡും സ്വന്തമാണ്. നിരത്തിലെത്തി വെറും 38 മാസത്തിനുള്ളിലാണു ബലേനൊ ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ വാഹന വിപണിയിലെ എ ടു പ്ലസ് വിഭാഗത്തില്‍ 27 ശതമാനത്തോളം വിഹിതമാണ് ബലേനൊയ്ക്കു മാരുതി സുസുക്കി അവകാശപ്പെടുന്നത്.