ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ  സുസുക്കി അവതരിപ്പിക്കുന്ന പുത്തൻ സ്പോർട്സ് കം ടൂറിങ് ബൈക്കായ ‘ജിക്സർ എസ് എഫ് 250’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 1.71 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ഇതോടൊപ്പം ‘ജിക്സർ എസ് എഫ് 155’ ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) അവതരിപ്പിച്ചു; 1.09 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില.

തന്റേടവും പേശീബലവും തുളുമ്പുന്ന രൂപത്തോടെ എത്തുന്ന ‘എസ് എഫ് 250 ജിക്സറി’ൽ ഹെഡ്ലാംപിലും ടെയിൽ ക്ലസ്റ്ററിലുമൊക്കെ എൽ ഇ ഡി ലൈറ്റുകളാണ് ഇടംപിടിക്കുന്നത്. ക്ലിപ് ഓൺ ഹാൻഡ്ൽ ബാർ, ഇരട്ട മഫ്ളർ സഹിതമുള്ള എക്സോസ്റ്റ്, സ്റ്റെപ് രൂപത്തിലുള്ള സീറ്റ്, വിഭജിച്ച ഗ്രാബ് റയിൽ എന്നിവയും ബൈക്കിലുണ്ട്. മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക. ബൈക്കിനു കരുത്തേകുന്നത് 250 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ്, ഓയിൽ കൂൾഡ്(സുസുക്കി ഓയിൽ കൂളിങ് സിസ്റ്റം) എൻജിനണ്; 9,000 ആർ പി എമ്മിൽ 26.5 പി എസ് വരെ കരുത്തും 7,500 ആർ പി എമ്മിൽ 22.6 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ ഷോക്കുമാണു സസ്പെൻഷൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കോടെ എത്തുന്ന ബൈക്കിൽ ഇരട്ട ചാനൽ ആന്റിലോക്ക് ബ്രേക്ക് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. 

അതേസമയം, പരിഷ്കരിച്ച ‘എസ് എഫ് 155 ജിക്സറി’നു കരുത്തേകുന്നത് നേരത്തെയുള്ള 155 സി സി, സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. 8,000 ആർ പി എമ്മിൽ 14.1 പി എസോളം കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ നിറങ്ങളിലാണു ബൈക്ക് ലഭിക്കുക.  ചാർജിങ് സോക്കറ്റ്, സ്മോക്ക്ഡ് വൈസർ, ഇന്ധന ടാങ്കിലെ പുത്തൻ ഗ്രാഫിക്സ്, ക്ലിപ്് ഓൺ ഹാൻഡ്ൽ ബാർ തുടങ്ങിയവയാണു ബൈക്കിലെ പരിഷ്കാരങ്ങൾ. ‘യമഹ ഫേസർ 250’, ‘ഹോണ്ട സി ബി ആർ 250 ആർ’, ‘കെ ടി എം ഡ്യൂക്ക് 250’ തുടങ്ങിയവയോടാണു ‘ജിക്സർ എസ് എഫ് 250’ മത്സരിക്കുക.