സൂപ്പർസ്റ്റാറാകാൻ എത്തുമോ ടൊയോട്ട റഷ്?
ഇന്ത്യൻ വിപണി ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് റഷ്. ഉടൻ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾ ഇടയ്ക്കിടെ പരക്കുന്നുണ്ടെങ്കിലും ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷിനെ കയറ്റിക്കൊണ്ടു പോകുന്ന ട്രക്കിന്റെ ചിത്രം പുറത്തുവന്നതോടെ ഉടൻ ഈ എസ്‌യുവിയെ ടൊയോട്ട വിപണിയിലെത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് ഹൈവേയിലുടെ റഷിനെ കയറ്റിക്കൊണ്ടുപോകുന്ന ലോറിയുടെ ചിത്രങ്ങൾ വൈറലായത്.
ദക്ഷിണേഷ്യൻ, ഗൾഫ് വിപണികളിലെ ജനപ്രിയ എസ്‌യുവികളിലൊന്നായ റഷിനെ അധികം വൈകാതെ ടൊയോട്ട ഇന്ത്യയിലെത്തിച്ചേക്കും. അടുത്തിടെയാണ് റഷിന്റെ പുതിയ മോഡലിനെ കമ്പനി രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്. പുതിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഇന്റീരിയർ എന്നിവയാണ് പുതിയ റഷിന്റെ പ്രത്യേകതകൾ. അൽപം വലുപ്പമുള്ള കോംപാക്റ്റ് എസ്‌യുവിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.
1997ൽ വിപണിയിലെത്തിയ വാഹനമാണ് റഷ്. നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലുപ്പം. കൂടാതെ ഏഴു പേർക്ക് യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യയില്‍ മാരുതി എർട്ടിഗ, ഹോണ്ട ബിആർ-വി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വിലയെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്തോനേഷ്യൻ വിപണിയിലുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനുമാണുള്ളത്. ഇന്ത്യയിലേക്കെത്തുമ്പോള്‍ ഡീസൽ എൻജിനോടുകൂടി എത്തിയേക്കാം.