ADVERTISEMENT

മലിനീകരണ വിമുക്തമായ സുഖയാത്രയ്ക്കു പുറമെ അടിയന്തിര സാഹചര്യത്തിൽ വീട്ടിലെ ആവശ്യത്തിനുള്ള ഊർജത്തിനായും വൈദ്യുത കാറായ ലീഫിനെ ആശ്രയിക്കാമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ. അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് നാലു ദിവസത്തേക്കു വരെ വൈദ്യുതി ലഭ്യമാക്കാൻ ലീഫിനു സാധിക്കുമെന്നാണു നിസ്സാന്റെ കണക്ക്. പോരെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ജപ്പാനിൽ ലീഫ്’അടക്കമുള്ള വൈദ്യുത വഹനങ്ങൾ ഈ മികവ് കാഴ്ചവച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

ആദ്യ തലമുറ ലീഫ് പുറത്തെത്തി മൂന്നു മാസത്തിനുള്ളിൽ 2011 മാർച്ചിലാണു ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് ഭൂചലനവും തുടർന്നു സൂനാമി സൃഷ്ടിച്ച രാക്ഷസത്തിരകളും ആഞ്ഞടിച്ചതെന്ന് നിസ്സാനിലെ വൈദ്യുത വാഹന വിഭാഗം സീനിയർ മാനേജരായ യുസുകെ ഹയാഷി ഓർമിക്കുന്നു. ഇതേത്തുടർന്ന് 48 ലക്ഷത്തോളം കുടുംബങ്ങളിലേക്കുള്ള വൈദ്യുതി വിതരണമാണു മുടങ്ങിയത്. ആ ഘട്ടത്തിൽ പ്രകൃതി ക്ഷോഭം നേരിട്ട മേഖലകളിൽ ഊർജലഭ്യത ഉറപ്പാക്കാനായി 66 ലീഫ് ആണു നിസ്സാൻ ലഭ്യമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വാഹനത്തിലെ ഊർജം ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള വെഹിക്കിൾ ടു എവരിതിങ് (അഥവാ വി ടു എക്സ്) സാങ്കേതികവിദ്യയാണു നിസ്സാൻ ലീഫിലുള്ളത്. അതുകൊണ്ടുതന്നെ ചാർജിങ് വേളയിൽ ഗ്രിഡിൽ നിന്നു വൈദ്യുതി സ്വീകരിക്കുന്നതു പോലെ മറ്റു സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി മടക്കി നൽകാനുമാവും. ഈ വൈദ്യുതി വീടുകളിലും ബിസിനസ് ആവശ്യത്തിനും വിവിധ വൈദ്യുതോപകരണങ്ങളുടെ പ്രവർത്തനത്തിനുമൊക്കെ പ്രയോജനപ്പെടുത്താനാവും

.ഭൂചലനത്തെ തുടർന്നു ചികിത്സാ മേഖലയിലുള്ളവരായിരുന്നു ആദ്യം നിസ്സാന്റെ സഹായം തേടിയെത്തിയതെന്നും ഹയാഷി ഓർമിക്കുന്നു. മാർച്ചിലെ തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ ചൂട് പിടിപ്പിക്കാനും മറ്റും വാഹന ബാറ്ററി പ്രയോജനപ്പെടുത്താനാവുമോ എന്നായിരുന്നു അന്വേഷണം. എന്തായാലും ആ പ്രകൃതിക്ഷോഭത്തെതുടർന്നു വെഹിക്കിൾ ടു എവരിതിങ് സാങ്കേതികവിദ്യ വികസനത്തിനു നിസ്സാൻ ഏറെ മുൻഗണനയും പ്രാധാന്യവും നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വി ടു എക്സ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ‘ലീഫ് ഇ പ്ലസി’ലെത്തുന്ന 62 കിലോവാട്ട് അവർ ബാറ്ററിക്കു പൂർണ ചാർജിൽ ശരാശരി ജാപ്പനീസ് വീട്ടിലെ നാലു ദിവസത്തെ വൈദ്യുതി ആവശ്യം നിറവേറ്റാനാവും. 6,200 സ്മാർട് ഫോണുകൾ പൂർണമായി ചാർജ് ചെയ്യാനോ 43 നിലയുള്ള അപാർട്മെന്റിലെ ഒരു ലിഫ്റ്റിന്റെ 100 യാത്രകൾക്കും ഈ ബാറ്ററിയിലെ ഊർജം പര്യാപ്തമാണെന്നാണു നിസ്സാന്റെ അവകാശവാദം. മാത്രമല്ല, പരമ്പരാഗത ഇന്ധനവിതരണ ശൃംഖലകൾ പുനഃസ്ഥാപിക്കുന്നതിലും വേഗത്തിൽ വൈദ്യുത ബന്ധം തിരിച്ചെത്തുമെന്നതിനാൽ ലീഫ് പോലുള്ള കാറുകളും അതിവേഗം നിരത്തിലിറക്കാനാവുമെന്നു നിസ്സാൻ വാദിക്കുന്നു. 2011 മാർച്ചിലെ ഭൂചലനത്തെ തുടർന്ന് ജപ്പാനിലെ പവർ ഗ്രിഡിന്റെ 90 ശതമാനവും ഒറാഴ്ചയ്ക്കകം പ്രവർത്തനക്ഷമമായെന്നാണ് ഏജൻസി ഫോർ നാച്ചുറൽ റിസോഴ്സസ് ആൻഡ് എനർജിയുടെ കണക്ക്. എന്നാൽ ഇതേ കാലയളവിൽ ഗ്യാസ് സ്റ്റേഷനുകളിൽ പാതി മാത്രമാണു പ്രവർത്തനം പുനഃരാരംഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com