പുതു തലമുറ എസ്യുവികൾ തോറ്റുപോകും ധോണിയുടെ വൺ ടണ്ണിന് മുന്നിൽ – ചിത്രങ്ങള്‍
Mail This Article
മിലിറ്ററി വാഹനങ്ങളോട് എന്നും ആരാധന കൂടുതലാണ് നമുക്ക്. അത് ജീപ്പായാലും ബുള്ളറ്റായാലും. മിലിറ്ററിയിൽ നിന്ന് ലേലം വിളിക്കുമ്പോൾ പൊന്നും വിലയിട്ടാണ് ആരാധകർ സ്വന്തമാക്കുന്നത്. ആ ആരാധനയായിരിക്കും ധോണിയെ മിലിറ്ററി നിസാൻ വൺ ടൺ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്. 2016ൽ മിലിറ്ററിയിൽ നിന്ന് ലേലത്തിൽ പോയ വൺ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണ് ധോണി.
മിലിറ്ററി വൺ ടൺ വാങ്ങുക മാത്രമല്ല കിടിലൻ മെയ്ക്ക് ഓവറും ധോണി ഈ വാഹനത്തിന് നൽകി. നിസാന്റെ ഈ കരുത്തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിലിറ്ററി ഗ്രീൻ നിറത്തിലാണ് വാഹനം അണിയിച്ചൊരുക്കിയത്. എസ്ഡി ഓഫ് റോഡേഴ്സ് എന്ന് സ്ഥാപനമാണ് വൺ ടണ്‍ റീസ്റ്റോർ ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ ജോങ്ക എന്ന പേരിലാണ് ധോണിയുടെ വൺടണ്ണിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. ഇരുപത് വർഷം പഴക്കമുണ്ട് ധോണി സ്വന്തമാക്കിയ വൺ ടണ്ണിന്. 1965 മുതൽ 1999 വരെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു ജോങ്കയും നിസാൻ വൺ ടണ്ണും. നിസാന്റെ പട്രോൾ 60ന്റെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് ജോങ്ക. വൺടണ്ണും നിസാന്റെ വാഹനം തന്നെ. അക്കാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ വിശ്വസ്ത വാഹനമായിരുന്നു ഇവ രണ്ടും. ആംബുലൻസായും സിഗ്നൽ വാഹനമായും റിക്കവറി വെഹിക്കിളുമായുമൊക്കെ ഇവ സൈന്യം ഉപയോഗിച്ചിട്ടുണ്ട്.
ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കപ്പേരാണ് ജോങ്ക. ജബൽപൂരിലെ മിലിറ്ററി നിർമാണ ശാലയിൽ നിന്നാണ് 1965 മുതൽ 1999 വരെ ജോങ്ക പുറത്തിറങ്ങിയത്. ഇന്നും ഇന്ത്യൻ ആർമിയുടെ ഏറ്റവും മികച്ച 4x4 വാഹനമായിട്ടാണ് ജോങ്കയെ കണക്കാക്കുന്നത്. ആറു സിലിണ്ടർ നാലു ലീറ്റർ ഇൻ ലൈൻ പെട്രോൾ എൻജിനാണ് ജോങ്കയിലും വൺടെണ്ണിലും. 110 ബിഎച്ച്പിയാണ് ജോങ്കയുടെ കരുത്തെങ്കിൽ 128 ബിഎച്ച്പിയാണ് വൺടെണ്ണിന്റേത്.