സില്‍വർ ബുള്ളറ്റ് ഡോണുമായി റോൾസ് റോയ്സ്, നിർമിക്കുക 50 എണ്ണം
Mail This Article
നൂറ്റാണ്ടു പഴക്കമുള്ള റോഡ്സ്റ്ററിൽ നിന്നു പ്രചോദിതമായ പരിമിതകാല ഡോൺ സിൽവർ ബുള്ളറ്റുമായി ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് എത്തുന്നു. 1920കളിലെ മോഡലുകളിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന, രണ്ടു സീറ്റുള്ള ഈ പരിമിതകാല പതിപ്പിൽ പെട്ട 50 കാറുകൾ മാത്രമാവും വിൽപനയ്ക്കെത്തുക. ഡോൺ കൺവെർട്ടബിൾ ആധാരമാക്കി റോൾസ് റോയ്സ് യാഥാർഥ്യമാക്കുന്ന ഈ സിൽവർ ബുള്ളറ്റ് റോഡ്സ്റ്ററിന്റെ ആദ്യ സ്കെച്ചുകളും കമ്പനി പുറത്തുവിട്ടു. ഡോണിലെ നാലു സീറ്റിൽ പിന്നിലെ രണ്ടെണ്ണം ടൈറ്റാനിയം-മെറ്റാലിക് സിൽവർ ബട്രസ്സുകളായിട്ടാണു മാറ്റിയിരിക്കുന്നത്.
സിൽവർ ഡോൺ, സിൽവർ കിങ്, സിൽവർ സൈലൻസ്, സിൽവർ സ്പെക്ടർ എന്നിവയിലെ പോലെ ഈ കാറിന്റെ ബോഡിയിലാകെ തന്നെ സിൽവർ നിറം വ്യാപിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റിലും ബംപറിലും ഡാർക്ക് ഡീറ്റെയ്‌ലിങ്ങുമുണ്ട്.അകത്തളത്തിലാവട്ടെ കാർബൺ ഫൈബർ ഡാഷ്ബോഡും സെൻട്രൽ കൺസോളിനെ പൊതിഞ്ഞ് ക്വിൽറ്റഡ് ലതറുമുണ്ട്; വിപ്ലവകാരികളുടെ ലതർ ജാക്കറ്റുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണിതെന്നാണു റോൾസ് റോയ്സിന്റെ പക്ഷം.
അതേസമയം സാധാരണ ഡോണിലെ 6.6 ലീറ്റർ, ടർബോ ചാർജ്ഡ് വി 12 എൻജിൻ തന്നെയാണ് സിൽവർ ബുള്ളറ്റിനും കരുത്തേകുക. 571 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന എൻജിൻ വെറും അഞ്ചു സെക്കൻഡിൽ കാറിനെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്തിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഈ വേനൽക്കാലത്തു തന്നെ ആദ്യ സിൽവർ ബുള്ളറ്റുകൾ ഉടമസ്ഥർക്കു കൈമാറുമെന്നാണു കമ്പനിയുടെ വാഗ്ദാനം. സാധാരണ ‘ഡോണി’നെ അപേക്ഷിച്ചു ഗണ്യമായ വിലവർധനയും ഈ പരിമിതകാല പതിപ്പിനു പ്രതീക്ഷിക്കാം.