സിയറ, സുമോ... ടാറ്റ തിരിച്ചു കൊണ്ടുവരുമോ ഈ ജനപ്രിയരെ
Mail This Article
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളായിരുന്നു സുമോയും സിയറയും. ആദ്യത്തേത് ഇന്നും റോഡുകളിലേയും ജനഹൃദയങ്ങളിലേയും സാന്നിധ്യമാണെങ്കിൽ രണ്ടാമത്തേത് ഒരു ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയാണ്. 1994 മുതൽ കഴിഞ്ഞ വർഷം വരെ പുറത്തിറങ്ങിയ സുമോയും 1991 മുതൽ 2000 ൽ പുറത്തിറങ്ങിയ സിയറായ്ക്കും ഏറെ കഥകള്‍ പറയാനുണ്ട്. ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവിയായി സിയറ തിരിച്ചുവരാനൊരുങ്ങുമ്പോൾ സുമോയും തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് വാഹന പ്രേമികൾ.
സിയറയുടെ തിരിച്ചുവരവായിരുന്നു ഈ വർഷത്തെ ഓട്ടോ എക്സ്പോയുടെ സർപ്രൈസ് പാക്കേജ്. പഴയ സിയറയോട് സാമ്യം തോന്നുന്ന രൂപത്തിൽ എത്തുന്ന ഇലക്ട്രിക് എസ്‍യുവി ആല്‍ട്രോസ് നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിലാണ് ഉയർന്നത്. പഴയ സിയറയുടെ പ്രധാന ആകർഷണമായിരുന്നു പിന്നിലെ ഗ്ലാസ് കനോപ്പി പോലുള്ള ഡിസൈൻ അത് ഇലക്ട്രിക് കൺസെപ്റ്റിലും നിലനിര്‍ത്തിയിട്ടുണ്ട്. പഴയ സിയറയിലെ 3 ഡോർ രീതി തന്നെയാണ് ടാറ്റ കൺസെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് രണ്ടു ഡോറുകൾ മുന്നിലും മൂന്നാമത്തേത് വാഹനത്തിന്റെ ഇടതു വശത്തായി സ്ലൈഡിങ് രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. 360 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളും ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.
ബിഎസ് 6 നിലവാരത്തിലേയ്ക്ക് ഉയർത്താതിരുന്ന സുമോ വീണ്ടും വിപണിയിലെത്തിക്കാന്‍ ടാറ്റയ്ക്ക് നിലവിൽ പദ്ധതിയൊന്നുമില്ല. എന്നാല്‍ സമീപഭാവിയില്‍ സുമോ എന്ന പേരിൽ പുതിയ വാഹനം പുറത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല (ഹ്യുണ്ടേയ് സാൻട്രോ അതിനുദാഹരണമാണ്).