ടൊയോട്ടയുടെ ബ്രെസ, അർബൻ ക്രൂസർ നിർമാണം ഉടനെന്നു മാരുതി
Mail This Article
ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായുള്ള സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡൽ വൈകാതെ വിൽപനയ്ക്കെത്തും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) പതിപ്പാണു വൈകാതെ വിപണിയിലെത്തുക. അർബൻ ക്രൂസർ എന്ന പേരിൽ വിൽപനയ്ക്കെത്തുമെന്നു കരുതുന്ന ഈ മോഡൽ മിക്കവാറും ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ നിലവിൽ ടൊയോട്ട ബാഡ്ജോടെ ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നുണ്ട്. ഗ്ലാൻസ എന്ന പേരിൽ ടൊയോട്ട വിൽപ്പനയ്ക്കെത്തിക്കുന്ന ബലേനൊയുടെ നിർമാണത്തിന് 2019 മാർച്ചിലാണു മാരുതി സുസുക്കി തുടക്കമിട്ടത്. 2019 ജൂണിൽ അരങ്ങേറിയ ‘ഗ്ലാൻസ’യുടെ പ്രതിമാസ ശരാശരി വിൽപ്പന 2000 – 2500 യൂണിറ്റാണ്. ടി കെ എം ബാഡ്ജിൽ വിൽക്കാനുള്ള വിറ്റാര ബ്രേസയുടെ നിർമാണം തുടങ്ങുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ടൊയോട്ടയ്ക്കായി വിറ്റാര ബ്രേസ നിർമിച്ചു നൽകാനുള്ള തീരുമാനത്തിന് മാരുതി സുസുക്കിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. അടുത്തയിടെ വിപണിയിലെത്തിയ, വിറ്റാര ബ്രേസയുടെ പരിഷ്കരിച്ച പതിപ്പാവും ടൊയോട്ടയ്ക്കായി ചില്ലറ മാറ്റങ്ങളും പുതുമകളുമായി മാരുതി സുസുക്കി നിർമിച്ചു നൽകുക.
ബലേനൊയിൽ നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു ടികെഎം ഗ്ലാൻസയെ വിൽപനയ്ക്കെത്തിച്ചത്. എന്നാൽ അർബൻ ക്രൂസറിന്റെ കാര്യത്തിൽ വിറ്റാര ബ്രേസയെ അപേക്ഷിച്ചു കൂടുതൽ മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്നാണു സൂചന. അർബൻ ക്രൂസറിലെ ബംപറും ഗ്രില്ലും മാറുമെങ്കിലും മെറ്റൽ ഷീറ്റ് (ബോഡി) വിഭാഗത്തിൽ കാര്യമായ വ്യത്യാസമുണ്ടാവില്ല. വിറ്റാര ബ്രേസയിലെ അലോയ് വീലുകളും തുടർന്നേക്കും.
നിലവിൽ പെട്രോൾ എൻജിനോടെ മാത്രമാണു പരിഷ്കരിച്ച വിറ്റാര ബ്രേസ വിപണിയിലുള്ളത്; കാറിനു കരുത്തേകുന്നത് 105 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. അർബൻ ക്രൂസറിലും സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമുണ്ടാവില്ല.
English Summary: Toyota Urban Cruiser ready for August 2020 launch