ADVERTISEMENT

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഹൈപീരിയന്‍ ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന സൂപ്പര്‍കാര്‍ അവതരിപ്പിച്ചു. വെറും 2.2 സെക്കന്റില്‍ മണിക്കൂറില്‍ 60 മൈല്‍(ഏകദേശം 96 കിലോമീറ്റര്‍) വേഗത്തിലേക്ക് കുതിച്ചെത്തുന്ന ഈ ഹൈഡ്രജന്‍ സൂപ്പര്‍കാർ, ഫുൾടാങ്കിൽ 1600 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 'ബഹിരാകാശ സാങ്കേതികവിദ്യ റോഡിന് വേണ്ടി' എന്നാണ് ഹൈപീരിയന്‍ നിര്‍മ്മിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായുള്ള കാറിന്റെ പരസ്യവാചകം.

hyperion-xp1-4

എയറോസ്‌പേസ് എൻജിനീയര്‍മാരാണ് എക്‌സ്പി-1 രൂപകല്‍പന ചെയ്തത്. ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ നിര്‍മിച്ച ഈ ഹൈഡ്രജന്‍ സൂപ്പര്‍കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ കടക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

hyperion-xp1-3

2022ൽ പൊതുവിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ കാര്‍ ഹോണ്ട ക്ലാരിറ്റി, ടയോട്ട മിറായ്, ഹ്യുണ്ടായ് നെക്‌സോ എന്നീ ഹൈഡ്രജന്‍ ഇന്ധനമാക്കിയ മോഡലുകളുമായിട്ടാകും മത്സരിക്കുക. ഇന്ധനം ഹൈഡ്രജനായതുകൊണ്ടുതന്നെ ഇവയില്‍ നിന്നും പുറംതള്ളുന്നത് നീരാവി മാത്രമായിരിക്കും. സൂര്യന്റെ സ്ഥാനത്തിന് അനുസരിച്ച് സ്ഥാനം മാറുന്ന സോളാര്‍ പാനലുകളും എക്‌സ്പി1 കാറിന്റെ പ്രത്യേകതകളിലൊന്നാണ്. ഉള്‍ഭാഗത്ത് 98 ഇഞ്ചിന്റെ കര്‍വ്ഡ് സ്‌ക്രീനും ആഢംബരത്തിനൊപ്പം സൗന്ദര്യവും വര്‍ധിപ്പിക്കുന്നുണ്ട്. ചില്ലുകൊണ്ടുള്ള മുകള്‍ഭാഗം പുറംലോകത്തിന്റെ 360ഡിഗ്രിയിലുള്ള കാഴ്ചകള്‍ ഈ കാറിനുള്ളില്‍ നിന്നു ഉറപ്പുവരുത്തുന്നതാണ്.

hyperion-xp1-2

ഏതാനും മിനിറ്റുകള്‍ മാത്രം മതി ഹൈഡ്രജൻ നിറയ്ക്കാൻ എന്നതാണ് എക്‌സ്പി1ന്റെ മറ്റൊരു പ്രത്യേകത. വൈദ്യുതിയിലോടുന്ന കാറുകള്‍ക്ക് തണുത്ത കാലാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന കാറുകള്‍ക്കില്ല. ഏതാണ്ട് 1030 കിലോഗ്രാം മാത്രമാണ് ഈ കാറിന്റെ ഭാരം. ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ മോണോക്‌സൈഡോ മറ്റു മാലിന്യങ്ങളോ ഇവ പുറം തള്ളുന്നുമില്ല.

hyperion-xp1-1

അതേസമയം ഹൈഡ്രജന്‍ ഇന്ധനമാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണെന്നതാണ് കാര്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വളരെ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വാതകമാണ് ഹൈഡ്രജൻ എന്നതും കാര്‍ നിര്‍മാതാക്കളെ ഹൈഡ്രജന്‍ വാഹനങ്ങളില്‍ നിന്നും അകറ്റി. എന്നാല്‍ ഹൈപീരിയന്‍ സിഇഒ ആന്‍ജെലോ കഫാന്റാരിസ് സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ആവര്‍ത്തിക്കുന്നത്. എക്‌സ്പി1ന്റെ എൻജിന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കിടുകയോ വെടിവെക്കുകയോ ചെയ്താല്‍ പോലും തീപിടിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ഈ വാഹനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഹൈഡ്രജന്‍ ഇന്ധനം നിറക്കാനുള്ള കേന്ദ്രങ്ങള്‍ അധികമില്ലെന്നതാണ്. വടക്കന്‍ അമേരിക്കയില്‍ ആകെ 75 ഹൈഡ്രജന്‍ ഇന്ധന സ്റ്റേഷനുകളേ നിലവിലുള്ളൂ. ഇതില്‍ ഭൂരിഭാഗവും കാലിഫോര്‍ണിയയിലാണ്. അതുകൊണ്ടുതന്നെ എക്‌സ്പി 1 പുറത്തിറക്കും മുമ്പ് ഹൈഡ്രജന്‍ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയാണ് ഹൈപീരിയന്റെ ശ്രമം.

രണ്ടു വര്‍ഷം കൊണ്ട് വിപണിയിലെത്തുമെങ്കിലും ഈ ഹൈഡ്രജന്‍ സൂപ്പര്‍കാര്‍ വലിയ തോതില്‍ നിരത്തിലിറങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യ ഘട്ടത്തില്‍ 300 കാറുകള്‍ മാത്രമാകും കമ്പനി പുറത്തിറക്കുക. ആഢംബര കാര്‍ ശ്രേണിയില്‍ പെടുന്ന ഈ വാഹനത്തിന്റെ വില ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. സുരക്ഷിതവും കാര്യക്ഷമവുമായ ഇന്ധനമായി ഹൈഡ്രജനെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ എക്‌സ്പി 1 പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

English Summary: The Hyperion XP1 Is A Hydrogen Powerhouse With A 1600 KM Range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com