ADVERTISEMENT

ലോകത്തിലെ ഏഴാമത്തെ വലിയ കോടീശ്വരനാണ് അംബാനി. ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരന്മാരില്‍ ഒരാള്‍. അംഗരക്ഷകരുടേയും അതിസുരക്ഷാ വാഹനങ്ങളുടേയും അകമ്പടിയോടെയാണ് അംബാനിയുടെ ഓരോ യാത്രകളും. ബെന്‍സ് എസ് ഗാര്‍ഡും ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയുമെല്ലാം ഉപയോഗിക്കുന്ന അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ് 600. അംബാനിയുടെ പുതിയ രണ്ടാമത്തെ എസ് ഗാര്‍ഡിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്് ബുക്കുചെയ്ത വാഹനത്തിൽ ഒന്ന് കഴിഞ്ഞ വർഷം അംബാനിയുടെ ഗ്യാരേജിലെത്തിയിരുന്നു അതിൽ രണ്ടാമത്തേതാണ് ഇത് എന്നാണ് കരുതുന്നത്. പൂര്‍ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറിന് ഏകദേശം 10 കോടി രൂപ വില വരും (കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരാം). എസ് 600 നെ അടിസ്ഥാനമാക്കി നിര്‍മിച്ച കാറില്‍ ആഡംബരവും സുരക്ഷയും വേണ്ടുവോളമുണ്ട്. 

വിആര്‍ 10 സുരക്ഷാസംവിധാനങ്ങളുള്ള കാറിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എസ് ഗാര്‍ഡ് ഫലപ്രഥമായി ചെറുക്കും. 15 കിലോഗ്രാം ടിഎൻ‌ടി ബ്ലാസ്റ്റിൽ നിന്ന് വരെ വാഹനം സുരക്ഷിതമാണെന്നാണ് ബെൻസ് പറയുന്നത്. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

കാറിന് കരുത്തേകുന്നത് 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ്. 530 ബിഎച്ച്പി കരുത്തും 830 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ഏഴ് സ്പീഡ് 7ജി ട്രോണിക്ക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. 7.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 190 കിലോമീറ്റര്‍. ബെന്‍സ് ശ്രേണിയില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലയുള്ള കാറാണിത്.

English Summary: Mukesh Ambani’s new Mercedes S600 Guard is His Most Expensive Bulletproof Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com