ഡീലർഷിപ്പില്ലാതെ നേരിട്ട് വാഹനവിൽപനയ്ക്ക് ഒരുങ്ങി കമ്പനികൾ, വില കുറയുമോ?
Mail This Article
കൊച്ചി∙ കാർ നിർമാണക്കമ്പനി കാർ ഉണ്ടാക്കുന്നു– ഡീലർ അത് പണം കൊടുത്തു വാങ്ങി സ്റ്റോക്ക് ചെയ്യുന്നു– കസ്റ്റമർ ഡീലർക്കു പണം നൽകി കാർ വാങ്ങുന്നു: ഈ പരമ്പരാഗത വാഹന വിൽപന രീതി അടിമുടി മാറുന്ന നാളുകൾ അടുത്തെത്തി. ഇന്ത്യൻ വാഹനവിപണിയുടെ ചിത്രം മാറ്റിവരയ്ക്കുന്ന പുതിയ കച്ചവട രീതിക്ക് ഒക്ടോബറിൽ മെഴ്സിഡീസ് ബെൻസ് തുടക്കമിടുന്നു.
ഏറ്റവും വില കുറഞ്ഞ കാർ ആയാലും ലക്ഷങ്ങളോ കോടികളോ വിലയുള്ള കാറായാലും വിൽപന നടക്കുന്നത് ‘എത്ര ഡിസ്കൗണ്ട് കിട്ടും’ എന്ന ചോദ്യത്തിലാണെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യാമേധാവി മാർട്ടിൻ ഷ്വെങ്ക് പറയുന്നു. ഡിസ്കൗണ്ട് കൂടുതൽ കൊടുക്കുന്ന ഡീലറുടെ അടുത്തേക്ക് കസ്റ്റമർ പോകും. ഡീലർ ബാങ്ക് വായ്പയെടുത്തു വാങ്ങി സ്റ്റോക്ക് ചെയ്യുന്ന കാർ വമ്പൻ ഡിസ്കൗണ്ടോടെ കൊടുക്കുമ്പോൾ പലപ്പോഴും ലാഭം പൂജ്യം.
സ്റ്റോക്ക് വിറ്റുപോയില്ലെങ്കിൽ പണത്തിന്റെ ഫ്ലോ മുടങ്ങുമെന്നതിനാൽ കച്ചവടമാണു പ്രധാനം, ഇതിന്റെ മറുവശം, പലപ്പോഴും കസ്റ്റമർ ആഗ്രഹിക്കുന്ന മോഡലോ സൗകര്യങ്ങളോ നിറമോ ആകില്ല വാങ്ങേണ്ടിവരുന്നത്. സ്റ്റോക്ക് ഉള്ള കാർ അടിച്ചേൽപിക്കാനുള്ള ശ്രമം ആഡംബര കാർ വിപണിയിൽപ്പോലുമുണ്ട്. ഇതെല്ലാം പഴങ്കഥയാക്കുന്ന കച്ചവട രീതിയാണ് മെഴ്സിഡീസ് അവതരിപ്പിക്കുന്നത്. കമ്പനിതന്നെയാണു കാർ മുഴുവൻ സ്റ്റോക്ക് ചെയ്യുക. ഡീലർമാർ പണം നൽകി സ്റ്റോക്ക് എടുക്കുകയും അതു വിൽക്കാൻ ഓഫർ നൽകുകയും വേണ്ട. ഉപയോക്താവിനു നേരിട്ടു ബിൽ നൽകുന്നതും പണം വാങ്ങുന്നതും മെഴ്സിഡീസ്. ഇന്ത്യ മുഴുവൻ ഒറ്റ വില. ഓഫർ എന്തെങ്കിലുമുണ്ടെങ്കിൽ കമ്പനി പ്രഖ്യാപിക്കും. ഇപ്പോഴത്തെ ഡീലർഷിപ്പുകൾ ഫ്രാഞ്ചൈസീകളായിമാറും. അവർ കസ്റ്റമറെ കണ്ടെത്തൽ, വാഹനം പരിചയപ്പെടുത്തൽ, ടെസ്റ്റ്ഡ്രൈവ് നൽകൽ തുടങ്ങിയ ജോലികളൊക്കെ നടത്തുമെങ്കിലും ബുക്കിങ് സ്വീകരിക്കലും പണമിടപാടു നടത്തലും മെഴ്സിഡീസ് നേരിട്ടാകും.
കമ്പനി ഇന്ത്യയിൽ വിൽക്കുന്ന ഏതു മോഡലും രാജ്യത്ത് എവിടെയുള്ള കസ്റ്റമർക്കും വാങ്ങാം. കസ്റ്റമർ പോകുന്ന ഡീലർഷിപ്പിൽ സ്റ്റോക്കുണ്ടോ എന്ന പ്രശ്നമില്ല. ആഗ്രഹിക്കുന്ന മോഡലും വേരിയന്റും തന്നെ ലഭിക്കുമെന്നതും വിലപേശലും തർക്കവുമില്ലാതെ തികഞ്ഞ സുതാര്യത അനുഭവിക്കാനാകുമെന്നതുമാണ് കസ്റ്റമർക്കുള്ള നേട്ടമെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി സന്തോഷ് അയ്യർ ‘മനോരമ’യോടു പറഞ്ഞു. ഓരോ ഫ്രാഞ്ചൈസീയും വഴിയാണ് അതതു മേഖലയിലെ വിപണനം നടത്തുക. സ്റ്റോക്കെടുക്കാൻ വായ്പയെടുത്ത്, പലിശ പോലും അടയ്ക്കാനാകാതെ ഡീലർമാർ നട്ടം തിരിയുന്ന സംഭവങ്ങൾ ധാരാളമുണ്ടെങ്കിലും അതിനു ശാശ്വത പരിഹാരം കാണാൻ ഏതെങ്കിലും കമ്പനി ശ്രമിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. ചുരുക്കം ചില രാജ്യങ്ങളിൽ മെഴ്സിഡീസ് തന്നെ ഇതു പരീക്ഷിച്ചിട്ടുണ്ട്. പലിശഭാരമൊഴിയുന്നത് വലിയ ആശ്വാസമാണെന്ന് ഡീലർമാർ പറയുന്നു. വലിയ സ്റ്റോക്ക് യാഡിന്റെ വാടകയും നടത്തിപ്പുചെലവും വേണ്ടെന്ന നേട്ടവുമുണ്ട്. വാഹന സർവീസ് കേന്ദ്രങ്ങളുടെ പ്രവർത്തനവും യൂസ്ഡ് കാർ വിൽപനയും ഇപ്പോഴത്തെ രീതിയിൽ തുടരും.
English Summary: Mercedes will Change how its sells Cars in India