പറക്കും കാറുമായി ഇന്ത്യൻ കമ്പനി, ആദ്യ പ്രദർശനം ഒക്ടോബറിൽ
Mail This Article
സഞ്ചാര ചരിത്രത്തിലെ അടുത്ത നാഴികക്കല്ലായി പരിഗണിക്കപ്പെടുന്നത് പറക്കും കാറുകളാണ്. അതുകൊണ്ടുതന്നെ നിരത്തിൽ ഓടുന്നതിനൊപ്പം വാനിൽ പറന്നുയരാനും കഴിവുള്ള ഇത്തരം വാഹനങ്ങൾ സാക്ഷാത്കരിക്കാനുള്ള മത്സരത്തിന് ആഗോളതലത്തിൽ തന്നെ ചൂടേറുകയുമാണ്. ചെന്നൈ ആസ്ഥാനമായ വിനാറ്റ ഏറോമൊബിലിറ്റിയാണു പറക്കും കാർ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലെ ഇന്ത്യൻ സാന്നിധ്യമാവുന്നത്.
ഒക്ടോബർ അഞ്ചിനു ലണ്ടനിലെ എക്സലിൽ നടക്കുന്ന ഹെലിടെക് പ്രദർശനത്തിലാവും വിനാറ്റ ഏറോമൊബിലിറ്റിയുടെ സ്വയം നിയന്ത്രിതമായ, ഹൈബ്രിഡ് പറക്കും കാറിന്റെ അരങ്ങേറ്റം നടക്കുക. ഏഷ്യയിലെ തന്നെ ആദ്യ സങ്കര ഇന്ധന പറക്കും കാർ എന്ന അവകാശവാദത്തോടെ എത്തുന്ന ഇരട്ട സീറ്റ് വാഹനത്തിന് ഊർജമാവുന്നത് വൈദ്യുതിക്കൊപ്പം ജൈവ ഇന്ധനം കൂടിയാണ്.
മൊത്തം 1,100 കിലോഗ്രാമാണു പറക്കും കാറിന്റെ ഭാരം. 1300 കിലോഗ്രാം ഭാരവും വഹിച്ചു പറന്നുയരാൻ ഈ ആകാശയാനത്തിനാവും. കുത്തനെ പറന്ന് ഉയരുകയും അതുപോലെ ലാൻഡിങ് പൂർത്തിയാക്കുകയും ചെയ്യുന്ന(വി ടി ഒ എൽ) പറക്കും കാറിനെ ഹൈബ്രിഡ് ഇലക്ട്രിക് വിടിഒഎൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്; കോ ആക്ഷ്യൽ ക്വാഡ് റോട്ടറാണു ചിറകുകൾ. ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി മുടങ്ങുന്ന പക്ഷം മോട്ടോറിന്റെ പ്രവർത്തനം തുടരനായി ബാക്ക് അപ് പവർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
നിർമിത ബുദ്ധി(എ ഐ)യുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനലാണ് വിനാറ്റയുടെ ഹൈബ്രിഡ് പറക്കും കാറിലുള്ളത്. കാഴ്ചപ്പകിട്ടിൽ വിട്ടുവീഴ്ച ചെയ്യാത്ത രൂപകൽപനയോടെ എത്തുന്ന പറക്കും കാർ ജി പി എസ് ട്രാക്കർ സംവിധാനവും ഓൺ ബോഡ് എന്റർടെയ്ൻമെന്റുമൊക്കെയായി ആഡംബരപൂർണമാവുമെന്നും വിനാറ്റ അവകാശപ്പെടുന്നു. പനോരമിക് വിൻഡോ കാനപ്പിയിലൂടെ 300 ഡിഗ്രി കാഴ്ചയ്ക്കുള്ള സൗകര്യമാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഒറ്റ ചാർജിൽ 100 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്)യുള്ള പറക്കും കാറിന് മണിക്കൂറിൽ 120 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 3000 അടി വരെ ഉയരത്തിൽ പറക്കാനുള്ള ക്ഷമതയ്ക്കൊപ്പം ഒരു മണിക്കൂറോളം വായുവിൽ തുടരാനും ‘പറക്കും കാറി’നാവും.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇജക്ഷൻ പാരച്യൂട്ടിനു പുറമെ കോക്പിറ്റിൽ എയർബാഗുകളും സജ്ജീകരിക്കുന്നുണ്ട്. സുരക്ഷ മെച്ചപ്പെടുത്താനായി ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ(ഡി ഇ പി) സംവിധാനമാണ് ‘പറക്കും കാറി’ൽ ഉപയോഗിക്കുക; ഒട്ടേറെ പ്രൊപ്പല്ലറുകളും മോട്ടോറുകളും ഘടിപ്പിക്കുക വഴി ഒന്നോ രണ്ടോ യന്ത്രഭാഗങ്ങൾ തകരാറിലായാലും ‘പറക്കും കാർ’ സുരക്ഷിതമായി നിലത്തിറക്കാൻ വഴിയൊരുക്കുന്ന സംവിധാനമാണിത്.
English Summary: Chennai-based firm to reveal Asia's first hybrid flying car in October