ADVERTISEMENT

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന അവകാശവാദത്തോടെ പുത്തൻ സെലേറിയൊ പുറത്തിറക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. എൻട്രിലവൽ ഹാച്ച്ബാക്കായ സെലേറിയൊയുടെ പുതുതലമുറ മോഡലിന്റെ അരങ്ങേറ്റം അടുത്ത ബുധനാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. ഓരോ ലീറ്റർ പെട്രോളിലും 2021 സെലേറിയൊ 26 കിലോമീറ്റർ ഓടുമെന്നാണു മാരുതി സുസുക്കി നൽകുന് സൂചന. ഇതോടെ പെട്രോൾ കാറുകളുടെ വിഭാഗത്തിലെ മൈലേജ് ചാംപ്യൻ ആയി മാറാൻ പുത്തൻ സെലേറിയൊയ്ക്കാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

പുതിയ സെലേറിയൊയ്ക്കുള്ള ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 11,000 രൂപ അഡ്വാൻസ് നൽകി വേണം 2021 സെലേറിയൊ ബുക്ക് ചെയ്യാൻ. ഇന്ധനക്ഷമതയേറിയ കാറുകളായിരുന്നു എക്കാലവും മാരുതി സുസുക്കി ഇന്ത്യയുടെ കരുത്ത്. അതുകൊണ്ടാവാം പെട്രോൾ വില കത്തിക്കയറുന്ന സാഹചര്യത്തിലും മാരുതി സുസുക്കിയുടെ പെട്രോൾ മോഡലുകളോടുള്ള ആഭിമുഖ്യത്തിൽ കാര്യമായ ഇടിവില്ലാത്തത്. പ്രീമിയം ഹാച്ച്ബാക്കുകളായ സ്വിഫ്റ്റും ബലേനൊയുമൊക്കെ ലീറ്ററിന് 24 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്യുന്നത്. 

പുതുതലമുറ സെലേറിയൊയ്ക്കു കരുത്തേകുക ഒരു ലീറ്റർ, കെ 10 സി ഡ്യുവൽ ജെറ്റ് വി വി ടി(വേരിയബ്ൾ വാൽവ് ടൈമിങ്) പെട്രോൾ എൻജിനാവുമെന്നാണു സൂചന. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയാവും കാറിന്റെ വരവ്.

നാലു ട്രിമ്മുകളിലായി ഏഴു വകഭേദങ്ങളിൽ 2021 സെലേറിയൊ വിൽപ്പനയ്ക്കുണ്ടാവും. ആപ്ൾ കാർ പ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും പുഷ് സ്റ്റാർട്/സ്റ്റോപ് ബട്ടനും സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മൾട്ടി സ്പോക്ക് സ്റ്റീയറിങ് വീലുമൊക്കെ കാറിൽ പ്രതീക്ഷിക്കാം. 

നിലവിലെ സെലേറിയൊയുടെ ഷോറും വില 4.66 ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയായിരുന്നു. 2021 സെലേറിയൊയുടെ വിലയും ആരംഭിക്കുക ഇതേ നിലവാരത്തിലാവുമെന്നാണു വിലയിരുത്തൽ. ഹ്യുണ്ടേയ് സാൻട്രൊ, ടാറ്റ ടിയാഗൊ തുടങ്ങിയവയോടാവും എൻട്രി ലവൽ ഹാച്ച്ബാക്ക് വിപണിയിൽ 2021 സെലേറിയൊയുടെ ഏറ്റുമുട്ടൽ.

English Summary: Maruti Celerio, ‘most fuel efficient petrol car’, may offer 26 kmpl mileage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com