ADVERTISEMENT

വൈദ്യുത സ്കൂട്ടറായ ചേതക്കിന്റെ വിൽപന രാജ്യത്തിന്റെ വാണിജ്യതലസ്ഥാനവും മെട്രോ നഗരവുമായ മുംബൈയിലേക്കു വ്യാപിപ്പിക്കാൻ നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് തയാറെടുക്കുന്നു. കമ്പനി വെബ്സൈറ്റിൽ ഡീലർഷിപ്പുകളുടെ പട്ടികയിൽ ‘കെ ടി എം അന്ധേരി’, ‘കെ ടി എം വസായ്’ എന്നിവ ഇടംപിടിച്ചതോടെയാണു ‘ചേതക്കി’ന്റെ മുംബൈ പ്രവേശം വൈകില്ലെന്നു വ്യക്തമായത്. എന്നാൽ ഇരു ഡീലർഷിപ്പും ‘ചേതക്കി’നുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടില്ല. അതേസമയം തന്നെ, സ്കൂട്ടറിൽ താൽപര്യമുള്ളവർക്കു പേരും വിലാസവും റജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിട്ടുമുണ്ട്. 

 

നിലവിൽ തമിഴ്നാടിനും തെലങ്കാനയ്ക്കും പുറമെ മഹാരാഷ്ട്രയിലും കർണാടകത്തിലുമാണു ബജാജിന്റെ ഇ സ്കൂട്ടർ വിൽപ്പനയ്ക്കുള്ളത്. ഇക്കാല്ലം രാജ്യത്തെ 22 നഗരങ്ങളിൽ കൂടി ബാറ്ററിയിൽ ഓടുന്ന ‘ചേതക്’ ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അടിസ്ഥാന വകഭേദമായ ‘അർബൻ’, മുന്തിയ പതിപ്പായ ‘പ്രീമിയം’ എന്നീ രണ്ടു മോഡലുകളാണു ‘ചേതക്കി’നുള്ളത്; ‘അർബന്’ 1.42 ലക്ഷം രൂപയും ‘പ്രീമിയ’ത്തിന് 1.44 ലക്ഷം രൂപയുമാണു പുണെ ഷോറൂമിൽ വില. സ്കൂട്ടറിലെ 3.8 കിലോവാട്ട് അവർ മോട്ടോറിനു കരുത്തു പകരുന്നത് മൂന്നു കിലോവാട്ട് അവർ ശേഷിയുള്ള ഐപി 67 ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്. മണിക്കൂറിൽ 70 കിലോമീറ്റർ ആണു ‘ചേതക്കി’നു ബജാജ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം;  ഇകോ മോഡിൽ ഓരോ ചാർജിലും സ്കൂട്ടർ 95 കിലോമീറ്റർ ഓടുമെന്നാണു കണക്കാക്കുന്നത്. വീട്ടിലെ സാധാരണ അഞ്ച് ആംപിയർ പ്ലഗ് വഴി സ്കൂട്ടറിലെ ബാറ്ററി ചാർജ് ചെയ്യാനാവും.

 

പൂർണ എൽ ഇ ഡി ലൈറ്റിങ്, പ്രകാശമാനമായ സ്വിച് ഗീയർ, ബ്ലൂടൂത്ത് എനേബ്ൾഡ് ഇൻസ്ട്രമെന്റ് കൺസോൾ, സ്മാർട് ഫോൺ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയെല്ലാമായി എത്തുന്ന ‘ചേതക്കി’ന്റെ മത്സരം ടി വി എസ് ‘ഐ ക്യൂബ്’, ഓല ‘എസ് വൺ’, ആഥെർ ‘450 എക്സ്’ തുടങ്ങിയവയോടാണ്.

‘ചേതക്കി’നു പുറമെ ബാറ്ററിയിൽ ഓടുന്ന മറ്റൊരു സ്കൂട്ടർ കൂടി പുറത്തിറക്കാനുള്ള നടപടികളും ബജാജ് ഓട്ടോ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ സ്കൂട്ടർ വിപുലമായ പരീക്ഷണ ഓട്ടത്തിലാണ്. 

 

കൂടാതെ, വൈദ്യുത ഇരുചക്രവാഹനങ്ങൾക്കായി പുണെയ്ക്കടുത്ത് അകുർഡിയിൽ 300 കോടി രൂപ ചെലവിൽ പുതിയ നിർമാണ ശാല സ്ഥാപിക്കാനും ബജാജ് ഓട്ടോയ്ക്കു പദ്ധതിയുണ്ട്. പതിറ്റാണ്ടുകളോളം ബജാജിനായി പട നയിച്ച പഴയ ‘ചേതക്’ സ്കൂട്ടറിന്റെ നിർമാണശാല പ്രവർത്തിച്ചിരുന്ന സ്ഥലത്താണു പുതിയ ഇ സ്കൂട്ടർ പ്ലാന്റ് വരുന്നത്. പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റാവും ഈ ശാലയുടെ ഉൽപ്പാദന ശേഷി. 

 

English Summary: Bajaj Chetak electric scooter to launch in this Indian Metro City Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com