ADVERTISEMENT

ലോകോത്തര ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗാരിജിൽ. മെയ്ബയും ബിഎംഡബ്ല്യുവും ലാൻഡ്റോവറും തുടങ്ങി ആരും കൊതിക്കുന്ന കാറുകളുടെ ലൈനപ്പിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് റോൾസ് റോയ്സ് കള്ളിനൻ. 

 

മുകേഷ് അംബാനിക്ക് ഇതുകൂടാതെ രണ്ട് റോൾസ് റോയ്സ് കള്ളിനനുകൾ സ്വന്തമായുണ്ടെങ്കിലും പുതിയ എസ്‌യുവിയുടെ വിലയാണ് ഇതിനെ വാർത്താതാരമാക്കി മാറ്റുന്നത്. മുംബൈ ആർടിഓ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 13.14 കോടി രൂപ വില വരുന്ന ഈ എസ്‍യുവി രാജ്യത്തെ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണ്. സൗത്ത് മുംബൈയിലാണ് ട്യുസാൻ സൺ എന്ന നിറത്തിലുള്ള ഈ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ആർടിഒയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 20 ലക്ഷം രൂപ നികുതിയായും 40000 രൂപ റോഡ് സേഫ്റ്റി നികുതിയായും അടച്ചിട്ടുണ്ട്. ഈ വാഹനത്തിന് ‘0001’ എന്ന ഫാൻസി നമ്പർ ലഭിക്കുന്നതിനായി അംബാനി 12 ലക്ഷം രൂപയാണ് മുടക്കിയത്. 2018 ൽ ഇന്ത്യൻ വിപണിയിലെത്തിയ കാറിന്റെ എക്സ് ഷോറും വില ഏകദേശം 6.95 കോടി രൂപയാണ്. എന്നാൽ അംബാനിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് ഈ വാഹനത്തിന്റെ വില 13.14 കോടി രൂപ ആക്കിയത്.

 

ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

 

English Summary: Mukesh Ambani's New Rolls-Royce SUV One Of India's Most Expensive Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com