പതിയെ വിപണി പിടിച്ച് ബജാജ് ചേതക്, ഇപ്പോൾ വിൽക്കുന്നത് 20 നഗരങ്ങളിൽ
Mail This Article
വൈദ്യുത സ്കൂട്ടറായ ചേതക് രാജ്യത്തെ 20 നഗരങ്ങളിൽ വിൽപനയ്ക്കെത്തിയതായി നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇക്കൊല്ലം ആദ്യ ആറ് ആഴ്ചകൾക്കിടയിൽ ചേതക് ലഭ്യമാവുന്ന നഗരങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചതായും കമ്പനി അറിയിച്ചു. ചേതക്’ ബുക്ക് ചെയ്യുന്നവർക്കു സ്കൂട്ടർ ലഭിക്കാൻ ശരാശരി നാലു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും ബജാജ് അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണു ചേതക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്.
ഇക്കൊല്ലം 12 നഗരങ്ങളിലാണു ചേതക് പുതുതായി വിൽപനയ്ക്കെത്തിയത്; കോയമ്പത്തൂർ, മധുര, കൊച്ചി, കോഴിക്കോട്, ഹുബ്ലി, വിശാഖപട്ടണം, നാസിക്, വസായ്, സൂറത്ത്, മുംബൈ, ഡൽഹി, മപുസ എന്നിവടങ്ങളിലെല്ലാം ഇക്കൊല്ലമാണു ബജാജിന്റെ പുതിയ ‘ചേതക്’ ലഭിച്ചു തുടങ്ങിയത്.
അടിസ്ഥാന വകഭേദമായ ‘അർബൻ’, മുന്തിയ പതിപ്പായ ‘പ്രീമിയം’ എന്നീ രണ്ടു മോഡലുകളാണു ‘ചേതക്കി’നുള്ളത്; ‘അർബന്’ 1.42 ലക്ഷം രൂപയും ‘പ്രീമിയ’ത്തിന് 1.44 ലക്ഷം രൂപയുമാണു പുണെ ഷോറൂമിലെ വില.
സ്കൂട്ടറിലെ 3.8 കിലോവാട്ട് അവർ മോട്ടോറിനു കരുത്തു പകരുന്നത് മൂന്നു കിലോവാട്ട് അവർ ശേഷിയുള്ള ഐപി 67 ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്. മണിക്കൂറിൽ 70 കിലോമീറ്റർ ആണു ‘ചേതക്കി’നു ബജാജ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇകോ മോഡിൽ ഓരോ ചാർജിലും സ്കൂട്ടർ 95 കിലോമീറ്റർ ഓടുമെന്നാണു കണക്കാക്കുന്നത്. വീട്ടിലെ സാധാരണ അഞ്ച് ആംപിയർ പ്ലഗ് വഴി സ്കൂട്ടറിലെ ബാറ്ററി ചാർജ് ചെയ്യാനാവും. ഇൻഡിഗൊ മെറ്റാലിക്, വെലുറ്റൊ റോസൊ, ബ്രൂക്ക്ലിൻ ബ്ലാക്ക്, ഹേസൽനട്ട് നിറങ്ങളിലാണു സ്കൂട്ടർ വിൽപ്പനയ്ക്കുള്ളത്.
പൂർണ എൽ ഇ ഡി ലൈറ്റിങ്, പ്രകാശമാനമായ സ്വിച് ഗീയർ, ബ്ലൂടൂത്ത് എനേബ്ൾഡ് ഇൻസ്ട്രമെന്റ് കൺസോൾ, സ്മാർട് ഫോൺ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയെല്ലാമായി എത്തുന്ന ‘ചേതക്കി’ന്റെ മത്സരം ടി വി എസ് ‘ഐ ക്യൂബ്’, ഓല ‘എസ് വൺ’, ആഥെർ ‘450 എക്സ്’ തുടങ്ങിയവയോടാണ്.
വൈദ്യുത വാഹനങ്ങൾക്കായി പുണെയിൽ 300 കോടി രൂപ ചെലവിൽ പുതിയ നിർമാണശാല സ്ഥാപിക്കുമെന്നും ബജാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബജാജിന്റെ യഥാർഥ ‘ചേതക്’ നിർമാണശാല പ്രവർത്തിച്ചിരുന്ന അക്കുർഡിയിലാണു പുതിയ ഇ വി പ്ലാന്റ് വരുന്നത്; പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റാണു ശാലയുടെ ഉൽപ്പാദന ശേഷി.
അത്യാധുനിക റോബോട്ടിക് സംവിധാനങ്ങളോടെയുള്ള ഓട്ടമേറ്റഡ് ശാലയാവും വൈദ്യുത വാഹന ഉൽപ്പാദനത്തിനായി സ്ഥാപിക്കുകയെന്നും കമ്പനി വിശദീകരിച്ചു. ലോജിസ്റ്റിക്സ് മുതൽ മെറ്റീരിയൽ ഹാൻഡ്ലിങ് വരെയും ഫാബ്രിക്കേഷനും പെയ്ന്റിങ്ങും അസംബ്ലിങ്ങും ഗുണനിലവാര പരിശോധനയുമൊക്കെ ഓട്ടമേറ്റഡ് വ്യവസ്ഥയിലാവും. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ശാലയിൽ എണ്ണൂറോളം പേർക്കാണു തൊഴിലവസരം ലഭിക്കുക.
കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപത്തിനു പുറമെ യന്ത്രഘടക നിർമാതാക്കളും സപ്ലയർമാരും ചേർന്ന് ശാലയ്ക്കായി 250 കോടിയോളം രൂപ കൂടി നിക്ഷേപിക്കും. ഈ ജൂണിൽ ഈ ശാലയിൽ നിന്നുള്ള ആദ്യ വൈദ്യുത വാഹനം നിരത്തിലെത്തുമെന്നാണു ബജാജിന്റെ വാഗ്ദാനം.
English Summary: Bajaj Chetak Electric Scooter Now Available In 20 Cities