ADVERTISEMENT

ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടര്‍(GWM) ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങി. നേരത്തെ 7,895 കോടി രൂപ നിക്ഷേപിച്ച് ഇന്ത്യയില്‍ കാര്‍ നിർമാണം ആരംഭിക്കുമെന്നാണ് ചൈനീസ് കമ്പനി അറിയിച്ചിരുന്നത്. ഇതിനു വേണ്ടി പുണെയില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റ് ഏറ്റെടുത്തിരുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ കൂടിയാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ പിന്‍വാങ്ങലോടെ പിന്‍മാറ്റത്തോടെ ഇല്ലാതായിരിക്കുന്നത്. കമ്പനിയില്‍ ഉണ്ടായിരുന്ന 11 ജീവനക്കാരെ മൂന്ന് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയ ശേഷം പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ചൈനീസ് കാര്‍ നിർമാതാക്കളുടെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റത്തിന് പല കാരണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. 

 

ഇന്ത്യ ചൈന സംഘര്‍ഷം

 

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ വന്‍വീഴ്ച്ചയിലേക്ക് നയിച്ച കാരണങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി പ്രശ്‌നങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗാല്‍വാനില്‍വെച്ച് ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന നില വന്നത് ഇന്ത്യക്കും ചൈനക്കുമിടയിലെ ബന്ധം വഷളാക്കിയിരുന്നു. 2020 ജൂണിലുണ്ടായ ഗാല്‍വാന്‍ സംഘര്‍ഷത്തോടെയാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഭാവിയും ഇരുളടഞ്ഞതായത്. ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള നിരവധി ആപ്ലിക്കേഷനുകള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാവുമെന്ന കാരണം പറഞ്ഞായിരുന്നു അത്. 

 

പുണെ പ്ലാന്റിലെ ചുവപ്പു നാട

 

പുണെ പ്ലാന്റിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിക്കുന്നത് അസാധ്യമാണെന്ന തിരിച്ചറിവു കൂടിയാണ് കമ്പനിയുടെ പിന്മാറ്റത്തിലേക്ക് വഴിവെച്ചത്. തങ്ങളുടെ കരാറില്‍ ആറു തവണ മാറ്റം വരുത്തിയിട്ടും ജിഡബ്ല്യുഎമ്മിന് അനുമതി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതോടെയാണ് 7,895 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച പദ്ധതി തന്നെ പിന്‍വലിച്ച് ചൈനീസ് കമ്പനി ഇന്ത്യയില്‍ നിന്നും പിന്മാറിയിരിക്കുന്നത്. 

 

ജീവനക്കാരുടെ രാജി

 

ജിഡബ്ല്യുഎം ഇപ്പോഴാണ് ഷട്ടറിട്ടതെങ്കിലും ജീവനക്കാരില്‍ പ്രമുഖരായ പലരും നേരത്തെ തന്നെ കമ്പനിയില്‍ നിന്നും രാജിവെച്ചിറങ്ങിയിരുന്നു. പ്രൊഡക്ട് പ്ലാനിങ് ആന്റ് സ്ട്രാറ്റജി തലവന്‍ കൗശിക് ഗാംഗുലി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാജിവെച്ചത്. നേരത്തെ 2021ല്‍ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് ഹര്‍ദീപ് ബ്രാറും രാജിവെച്ച് കിയ മോട്ടോഴ്‌സില്‍ ചേര്‍ന്നിരുന്നു. 

 

വിദേശനിക്ഷേപത്തിലെ കുരുക്ക്

 

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ചൈനയുമായുള്ള സംഘര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇത് കൂടുതല്‍ കര്‍ശനമാവുകയാണുണ്ടായത്. അങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാറ്റിവെക്കപ്പെട്ട പദ്ധതികളിലൊന്നായി ജിഡബ്ല്യുഎമ്മും മാറി. 

 

കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനില്ല

 

പൂര്‍ണ്ണമായും നിർമിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കാറുകള്‍ വില്‍ക്കാനുള്ള പദ്ധതി ഇന്ത്യ ജിഡബ്ല്യുഎമ്മിന് മുമ്പാകെ വെച്ചിരുന്നു. എന്നാല്‍, അതിന്റെ അപ്രായോഗികത തിരിച്ചറിഞ്ഞ് അവര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ജിഡബ്ല്യുഎമ്മിന്റെ ഹാവല്‍ എച്ച്6 ക്രോസ് ഓവറിനെയാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയിലെത്തുമ്പോഴേക്കും കാറിന്റെ വില ഏകദേശം 60-65 ലക്ഷം രൂപയായിട്ടുണ്ടാവും. ഈ വിലക്ക് വിപണിയില്‍ വെല്ലുവിളി ഉയര്‍ത്താനാവില്ലെന്ന തിരിച്ചറിവാണ് ജിഡബ്ല്യുഎം ആ നിര്‍ദേശം തള്ളിക്കളയാന്‍ ഇടയാക്കിയത്.  ഇന്ത്യയില്‍ നിന്നും വിടവാങ്ങിയ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ബ്രസീലാണ് ലക്ഷ്യം വെക്കുന്നത്. ബ്രസീലില്‍ 15,790 കോടി രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഒരുക്കുമെന്നാണ് ചൈനീസ് കമ്പനിയുടെ വാഗ്ദാനം.

 

English Summary: Great Wall Motor Shut Down Indian Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com