500 കി.മീ റേഞ്ച്; ഇന്ത്യയിലെ ഏറ്റവും സ്പോർട്ടി കാറുമായി ഓല
Mail This Article
ഇലക്ട്രിക് വാഹന വിപണിയിൽ ഏറെ തരംഗങ്ങൾ സൃഷ്ടിച്ചാണ് ഓല സ്കൂട്ടർ എത്തിയത്. ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറായി മാറിയ ഓല പാസഞ്ചർ കാർ വിപണിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതിനായി പുതിയ കാർ പുറത്തിറക്കുമെന്നാണ് ഓല പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വട്ടം ഫുൾചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന കാറിന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡ് മാത്രം മതി എന്നാണ് ഓല പറയുന്നത്. 2024 ൽ പുതിയ വാഹനം വിപണിയിലെത്തും. സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ഏറ്റവും മികച്ച ഡ്രൈവ് അസിസ്റ്റ് സൗകര്യങ്ങളുള്ള കാറിൽ താക്കോലും ഡോർ ഹാന്‍ഡിലും ഉണ്ടാകില്ലെന്ന് ഓല ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭവിഷ് അഗർവാൾ പറയുന്നു. ഓലയുടെ ഒഎസ് ആയിരിക്കും കാറിൽ. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കാറിന്. യു ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാംപും എൽഇഡി ലൈറ്റ്ബാറും പിൻഭാഗം മുഴുവൻ നിറഞ്ഞു നിൽക്കുന്ന എൽഇഡി ടെയിൽ ലാംപുമുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ട്വിറ്ററിലൂടെ ഇലക്ട്രിക് കാർ പ്രോട്ടോടൈപ്പിന്റെ ചിത്രം ഭവിഷ് അഗർവാൾ പങ്കുവച്ചിരുന്നു.
വൈദ്യുത മോട്ടർസൈക്കിളുകളുടെയും കാറുകളുടെയും വികസനത്തിനുള്ള പദ്ധതി ത്വരിതപ്പെടുത്താനായി സെപ്റ്റംബർ ആദ്യം ഓല ഇലക്ട്രിക് 20 കോടി ഡോളർ (ഏകദേശം 1,487 കോടി രൂപ) സമാഹരിച്ചിരുന്നു. ‘മിഷൻ ഇലക്ട്രിക്: 2025നു ശേഷം ഇന്ത്യയിൽ പെട്രോൾ ഇരുചക്രവാഹനങ്ങളില്ല’ എന്ന പദ്ധതിക്കു വേണ്ടിയാണ് അധിക മൂലധനം കണ്ടെത്തിയതെന്ന് അഗർവാൾ വ്യക്തമാക്കിയിരുന്നു.
English Summary: Ola Electric’s new EV car Announced, to sport all-glass roof and 500 km plus range