ചൈനയെ വിട്ട് ഇന്ത്യയെ ‘ടാർഗറ്റ്’ ചെയ്യാൻ സ്കോഡ
Mail This Article
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയെ വിട്ട് ഇന്ത്യയിലെ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്കോഡ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ കടുത്ത മത്സരവും വിപണിയിലെ മത്സരാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയുമാണ് സ്കോഡയെ ചൈനീസ് വിപണിയിൽ നിന്നും പിൻമാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെക് കാർ നിർമാതാക്കളായ സ്കോഡയുടെ ശ്രദ്ധ ഇനി ഇന്ത്യൻ വിപണിയിലായിരിക്കുമെന്നതിന്റെ ലക്ഷണങ്ങളും നിർമാതാക്കളുടെ പ്രവർത്തനങ്ങളിൽ കാണാം. ചൈനയിൽ നിന്നു പിൻമാറിയാലും ഫോക്സ്‌വാഗൻ ബ്രാൻഡിന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള പദ്ധതിയിൽ ഒപ്പമുണ്ടാകുമെന്ന് സ്കോഡ അവരുടെ മാതൃ നിർമാതാക്കൾക്ക് ഉറപ്പു നൽകിയതായും സൂചനയുണ്ട്. ഏറെ വൈകാതെ നിർമാതാക്കളുടെ വിപണി പിൻമാറ്റത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന.
ചൈനയെ ഒഴിവാക്കിയാൽ തൊട്ടു പിന്നിലുള്ള വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർമാതാക്കളുടെ ശ്രമം. അടുത്തിടെ സ്കോഡയുടെ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സുരക്ഷയിലും കംഫർട്ടിലും മുന്നിൽ നിൽക്കുന്ന ഈ വാഹനങ്ങളുടെ പിന്നാലെ പുതിയ മോഡലുകൾ ബ്രാൻഡിൽ നിന്നു വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ 2 മോഡലുകളും ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള പദ്ധതികളും സ്കോഡ ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുഷാഖിനും ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽപന നടക്കുന്ന സ്കോഡ പ്രോഡക്ടാണ് കുഷാഖ്.
ലോകത്തിലെ സ്കോഡയുടെ ഏറ്റവും വലിയ വിൽപന വിപണിയായിരുന്നു ചൈന. കുറച്ചു വർഷങ്ങളായി ഇതിന് ഇടിവുണ്ടായി. ചൈനീസ് വിപണിക്കുവേണ്ടി മാത്രം നിർമിച്ച ചില വാഹനങ്ങളും ജിടി പതിപ്പുകളും പ്രതീക്ഷിച്ചതിനെക്കാൾ പിന്നിലായി പോയെന്നാണ് റിപ്പോർട്ടുകൾ ഇതിനു പിന്നാലെയാണ് സ്കോഡയുടെ വിപണി പിൻമാറ്റത്തിന്റെ വാർത്തകളും പുറത്തു വരുന്നത്. സ്കോഡ ഓട്ടോയുടെ പ്രീമിയം മിഡ് സൈസ് സെഡാൻ ഒക്ടാവിയയുടെ ഇവി പതിപ്പും ഉടനെത്തുമെന്ന സൂചനകൾ വിപണിയിലുണ്ട്. ഔഡി ക്യു4 ഇട്രോൺ, ഫോക്സ്‌വാഗൻ ഐഡി4 തടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്ഫോമിലായിരിക്കും ഇതിന്റെ അടിസ്ഥാനം. 2023ൽ ഇന്ധന വാഹനങ്ങൾ യൂറോപ്പിൽ നിരോധിക്കുമെന്ന പ്രതീക്ഷയുള്ളതിനാൽ ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പ് ഉടനെത്തുമെന്നാണ് സൂചന. 2030ഓടെ വിൽപനയുടെ 70 ശതമാനം ഇവി വാഹനങ്ങളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.
English Summary: Skoda to exit Chinese car market to focus on India