ADVERTISEMENT

സാങ്കേതികവിദ്യയും ആഡംബരവും ചാലിച്ചെടുത്ത പുതുതലമുറ ബെന്‍സ് 2024 ഇ-ക്ലാസിന്റെ ഉള്‍ഭാഗം പുറത്തുവിട്ട് മെഴ്‌സിഡീസ് ബെന്‍സ്. ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇ ക്ലാസിന്റെ പുത്തന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മറ്റു സൗകര്യങ്ങളുമാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. നെടു നീളന്‍ MBUX സൂപ്പര്‍സ്‌ക്രീന്‍, സെല്‍ഫി ക്യാമറ, ബില്‍റ്റ് ഇന്‍ ആപുകളായി ടിക് ടോകും സൂമും എന്നിങ്ങനെ പല ഫീച്ചറുകളുടേയും വിശദാംശങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. 

 

Mercedes-Benz E-Klasse | 2023:  Interieur // Mercedes-Benz E-Class | 2023: Interior

2024 ഇ ക്ലാസിന്റെ ഇന്റീരിയറില്‍ ആദ്യം ശ്രദ്ധിക്കപ്പെടുക സൂപ്പര്‍സ്‌ക്രീനാണ്. ഡ്രൈവറുടെ ഭാഗത്തു നിന്നും പാസഞ്ചര്‍ സീറ്റിന്റെ ഭാഗം വരെ നീളുന്നതാണ് ഈ സ്‌ക്രീന്‍. സ്‌ക്രീനിന് മുകളിലെ മെലിഞ്ഞ എയര്‍ വെന്റുകളും ഇന്റീരിയറിന്റെ മനോഹാരിത കൂട്ടുന്നുണ്ട്. ബാക്കിയുള്ള കാബിന്‍ ഭാഗങ്ങള്‍ മറ്റു പുതിയ മെഴ്‌സിഡീസ് മോഡലുകളുടേതിന് സമാനമാണ്. വലിയ സെന്റര്‍ കണ്‍സോള്‍, ഡോര്‍ പാനലുകളിലെ ഫ്‌ളോട്ടിങ് ആം റസ്റ്റ്, പിന്നെ സമൃദ്ധമായ ലൈറ്റിങും ഇ ക്ലാസിന്റെ പുതു മോഡലിലുണ്ട്. 

 

ഒറ്റ പ്രൊസസറുള്ള സെന്‍ട്രല്‍ കമ്പ്യൂട്ടറാണ് സൂപ്പര്‍ സ്‌ക്രീനിനേയും MBUX ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തേയും പ്രവര്‍ത്തിപ്പിക്കുന്നത്. പഴയമോഡലുകളില്‍ ഒന്നിലേറെ പ്രൊസസറുകള്‍ ഉപയോഗിച്ചിരുന്നു. തങ്ങളുടെ പുതിയ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വേഗത്തിലുള്ള ഡാറ്റ സ്ട്രീമിങിന് സഹായിക്കുമെന്നും മെഴ്‌സീഡസ് പറയുന്നു. 5ജി അടക്കമുള്ള കണക്ഷന്‍ സൗകര്യങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ പോലെ തോന്നിപ്പിക്കുന്ന മെനു ഡിസൈനും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാവും. 

Mercedes-Benz E-Klasse | 2023:  Interieur // Mercedes-Benz E-Class | 2023: Interior

 

17 സ്പീക്കര്‍ ബംസ്റ്റര്‍ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റമാണ് 2024 ഇ ക്ലാസിലുള്ളത്. ഡോള്‍ബി ആറ്റംസ് സാങ്കേതികവിദ്യയാണ് കാറിനകത്തെ സൗണ്ട് സിസ്റ്റത്തെ കൂടുതല്‍ വ്യക്തമാക്കി മാറ്റുന്നത്. മെഴ്‌സീഡസ് തന്നെ വികസിപ്പിച്ചെടുത്ത സൗണ്ട് വിഷ്വലൈസേഷന്‍ ഫീച്ചര്‍ വഴി കാറിനുള്ളിലെ വെളിച്ചങ്ങള്‍ പാട്ടിനനുസരിച്ച് മാറി മറിയും. യാത്രക്കാരുടെ ഇരിപ്പിനനുസരിച്ച് സൗകര്യപ്രദമായ രീതിയിലേക്ക് മാറുന്ന ഇരിപ്പിടങ്ങളും ഇ ക്ലാസിന് സ്വന്തമാണ്. 

 

നിബന്ധനകള്‍ക്ക് വിധേയമായി പാസഞ്ചര്‍ സീറ്റുകള്‍ക്ക് മുന്നിലെ സ്‌ക്രീനുകളില്‍ സ്ട്രീമിങ് വീഡിയോ കാണാനുള്ള സൗകര്യമുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പോലുള്ള സ്മാര്‍ട്ട് ഫോണ്‍ മിററിങ് സൗകര്യങ്ങള്‍ക്ക് ബദലായി ഭാവിയില്‍ മെഴ്‌സിഡീസ് ലെവല്‍ 3 ഡ്രൈവ് പൈലറ്റ് വരുന്നതോടെ സെന്റര്‍ സ്‌ക്രീനിലും സ്ട്രീമിങ് വീഡിയോ കാണാനാവും. ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും പ്രത്യേകം സെല്‍ഫി, വിഡിയോ ക്യാമറകളുമുണ്ട്. ഇത് ഉപയോഗിച്ച് ലാപ് ടോപ് തുറക്കാതെ തന്നെ വിഡിയോ കാണ്‍ഫറന്‍സും നടത്താനാവും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവര്‍ സീറ്റിലിരുന്ന വാഹനം ഓടുമ്പോള്‍ വീഡിയോ കോള്‍ അനുവദിച്ചിട്ടില്ല. സ്‌പോര്‍ട്‌സ്, ന്യൂസ്, ഗെയിമിങ് എന്നിങ്ങനെയുള്ള പല മേഖലകളില്‍ നിന്നുള്ള 30 സ്ട്രീമിങ് സര്‍വീസുകളും ഇ ക്ലാസില്‍ ലഭ്യമായിരിക്കും. 

 

പാസഞ്ചര്‍ സ്‌ക്രീനിലേക്ക് ഡ്രൈവറുടെ ശ്രദ്ധ പോവാതിരിക്കാന്‍ പല സുരക്ഷാ മുന്‍കരുതലുകളും മെഴ്‌സിഡീസ് സ്വീകരിച്ചിട്ടുണ്ട്. പാസഞ്ചര്‍ സീറ്റില്‍ ആളുണ്ടെങ്കില്‍ മാത്രമേ മുന്നിലെ സ്‌ക്രീന്‍ സജീവമാവുകയുള്ളൂ. ഡ്രൈവര്‍ക്ക് പാസഞ്ചര്‍ സ്‌ക്രീനിലെ കാര്യങ്ങള്‍ കാണാതിരിക്കാന്‍ ഡുവല്‍ ലൈറ്റ് കണ്‍ട്രോള്‍ ടെക്‌നോളജി ഉപയോഗിക്കുന്നു. ഡ്രൈവര്‍ക്ക് മുന്നിലെ സെല്‍ഫി ക്യാമറ വഴി എത്ര തവണ പാസഞ്ചര്‍ സ്‌ക്രീനിലേക്ക് ഡ്രൈവറുടെ ശ്രദ്ധ പോവുന്നുവെന്ന് മനസിലാക്കാന്‍ ഇ ക്ലാസിനാവും. ഇതിന് അനുസരിച്ച് പാസഞ്ചര്‍സ്‌ക്രീനിലെ വെളിച്ചം കുറക്കുകയും ചെയ്യും. 

 

നേരത്തെ ഹേ മെഴ്‌സിഡീസ് എന്നു പറഞ്ഞ ശേഷമാണ് വോയ്‌സ് കമാന്‍ഡ് MBUX സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പുത്തന്‍ ഇ ക്ലാസില്‍ നേരെ വോയ്‌സ് കമാന്‍ഡ് പറഞ്ഞാല്‍ മതിയാകും. ഇതുവഴി കാറിനുള്ളിലെ തണുപ്പും ചൂടും നിയന്ത്രിക്കാനും നാവിഗേഷനുമൊക്കെ എളുപ്പം സാധിക്കും. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ 2024 ഇ ക്ലാസിന്റെ മുഴുവന്‍ ഫീച്ചറുകളും പുറത്തെത്തുമെന്ന് പ്രതീക്ഷിക്കാം. 

 

English Summary: New Gen Mercedes-Benz E-Class Interior Is A Tech Fest, Even Gets A Selfie Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com