ലീറ്ററിന് 80 കി.മീ വരെ; മികച്ച മൈലേജും കംഫര്‍ട്ടും നല്‍കുന്ന 5 ബൈക്കുകള്‍
Mail This Article
ഇന്ധനവില റോക്കറ്റ്പോലെ കുതിക്കുന്ന ഈ കാലത്ത് മൈലേജ് കൂടുതലുള്ള ബൈക്കുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇന്ധനവിലയെ ഓടി തോല്‍പിക്കാന്‍ ശേഷിയുള്ള ബൈക്കുകള്‍ തിരയുന്നവര്‍ക്കു പരിഗണിക്കാവുന്ന ബൈക്കുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ദിവസവും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ഇണങ്ങുന്ന ബൈക്കുകളാണിവ. ഇന്ധനക്ഷമതയും കംഫര്‍ട്ടും നല്‍കുന്ന പ്രമുഖ ബൈക്കുകള്‍ നോക്കാം.
ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്
ഇന്ധനക്ഷമതയില്‍ എന്നും നമുക്കൊപ്പം ദീര്‍ഘനാളുകളായി സഞ്ചരിക്കുന്നവനാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിപണിയിലെത്തിയ അന്നു മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടിയ കുഞ്ഞന്‍. ഗിയര്‍ലെസ് ഉയര്‍ത്തിയ വെല്ലുവിളികളെയും അതിജീവിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനം എന്ന ഖ്യാതി നേടിയ സ്‌പ്ലെന്‍ഡര്‍ പ്ലസാണ് ഇതിലൊരാള്‍. 97 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനില്‍ നിന്നു ലഭിക്കുന്ന കരുത്ത് 7.91 ബിഎച്ച്പിയും 8.05 എന്‍എം ടോര്‍ക്കുമാണ്. ലീറ്ററിന് 80 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. എകദേശം 78500 വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ബജാജ് പ്ലാറ്റിന
ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിനെ വെല്ലുവിളിക്കാന്‍ പോന്ന പ്രതിയോഗി. ഇന്ധനക്ഷമതയില്‍ രണ്ടാം സ്ഥാനം പ്ലാറ്റിനയാണ് കയ്യടക്കിയിട്ടുള്ളത്. 102 സിസി എന്‍ജിന് 7.79 ബിഎച്ച്പി പരമാവധി കരുത്തും 8.30 എന്‍എം ടോര്‍ക്കും ലഭിക്കും. 75 കിലോമീറ്ററാണ് ബജാജ് ഒരു ലീറ്ററിനു ലഭ്യമാകുന്ന ഇന്ധന ക്ഷമത. 68000 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ടിവിഎസ് റേഡിയോണ്‍
ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസിന്റെ കമ്യൂട്ടര്‍ വിഭാഗത്തിലെ മുന്‍നിര പോരാളി. വിക്ടര്‍, സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയുടെ പിന്‍ഗാമിയായി എത്തിയ റേഡിയോണ്‍ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനമാണ്. 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കുമുണ്ട്. 70 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ വില 62405 രൂപയാണ്.
ഹോണ്ട ഷൈൻ 100
ഹോണ്ടയുടെ ജനപ്രിയ മോഡലായ ഷൈനിന്റെ എൻജിൻ കപ്പാസിറ്റി കുറഞ്ഞ ബൈക്കാണ് ഷൈൻ 100. 98.98 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ കരുത്തേകുന്ന ബൈക്കിന് 4 സ്പീഡ് ഗയർബോക്സാണ്. ലീറ്ററിന് 65 കിലോമീറ്ററിൽ അധികമാണ് ഇന്ധനക്ഷമത. എക്സ്ഷോറൂം വില 66600 രൂപ.
ഹോണ്ട ഷൈന്‍ 125
എന്‍ട്രിലെവല്‍ കമ്യൂട്ടര്‍ ബൈക്കുകളിലെ കരുത്തനാണ് ഷൈനെന്നു പറയാം. 123.9 സിസിയാണ് വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി. 65 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഷൈനിന്റെ കരുത്ത് 10.59 ബിഎച്ച്പിയും 11 എന്‍എം ടോര്‍ക്കുമാണ്. 83600 രൂപ മുതലാണ് ഷൈനിന്റെ എക്‌സ്‌ഷോറൂം വില.