ഇത് ജിംനിയാണെന്ന് വിശ്വസിക്കാനാകുമോ? ബെന്‍സ് ജി വാഗണായി രൂപമാറ്റം
Mail This Article
ഓഫ് റോഡിങ് വാഹന പ്രേമികളുടെ സ്വപ്‌ന മോഡലാണ് മെഴ്‌സിഡീസ് ബെന്‍സ് ജി വാഗൺ. സ്വന്തമാക്കണമെങ്കിൽ കോടികൾ മുടക്കേണ്ടിവരുമെന്നത് കൊണ്ട് പലപ്പോഴും അത് സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. എന്നാൽ മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണ്‍ എന്ന മോഹം ജിംനിയിലൂടെ സാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദ വീല്‍സ് കാര്‍ കസ്റ്റം എന്ന സ്ഥാപനം. ഇറക്കുമതി ചെയ്ത ബോഡികിറ്റ് ഉപയോഗിച്ച് ജിംനിയെ ജി വാഗണ്‍ ആക്കിയ വിഡിയോ ഇപ്പോള്‍ സൂപ്പർ ഹിറ്റാണ്.
ആര്‍ജെ ഓട്ടോമൊബൈല്‍ വ്‌ളോഗ്‌സ് എന്ന യുട്യൂബ് ചാനലിലാണ് ജിംനിയുടെ ജി വാഗണിലേക്കുള്ള അമ്പരപ്പിക്കുന്ന രൂപമാറ്റം വിവരിക്കുന്നത്. ആകെ പത്തു ലക്ഷം രൂപയാണ് ചെലവ്. ഏറെ ചെലവേറിയ രൂപമാറ്റമെന്നു തോന്നാമെങ്കിലും ഒറ്റയടിക്ക് ഇരുപത് ഇരട്ടിയോളം വില വരുന്ന ജി വാഗണിലേക്ക് ജിമ്‌നി അടിമുടി മാറിയിട്ടുണ്ട്.
ജിംനിയുടെ മുന്നിലെ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ബംപറും ഫെന്‍ഡറുകളും ബോണറ്റും ഇന്‍ഡിക്കേറ്ററുകളും വരെ ജി വാഗണ്‍ രൂപത്തിലേക്കു മാറിയിട്ടുണ്ട്. മെഴ്‌സിഡീസ് ബെന്‍സ് ലോഗോ വരെ മുന്നിലെ ഗ്രില്ലില്‍ ഘടിപ്പിച്ചിരിക്കുന്നു. ബ്രാബസ് മോഡിഫെയ്ഡ് മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണിലേതിന് സമാനമായ എല്‍ഇഡി ലൈറ്റ് ബാറുകള്‍ വാഹനത്തിന്റെ മുകള്‍ഭാഗത്ത് വച്ചിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ മസില്‍കാര്‍ ലുക്ക് നല്‍കുന്നുണ്ട്.
പിന്നിലേക്കു വന്നാല്‍ ബംപറുകളിലും സൈഡ് ഫെന്‍ഡറുകളിലും മാറ്റമുണ്ട്. മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണിനു സമാനമായ എല്‍ഇഡി ടെയ്ൽ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. പിന്നില്‍ മെറ്റല്‍ ലാഡറും ഉണ്ട്. ബ്രാബസ് സ്റ്റൈല്‍ഡ് റൂഫ് മൗണ്ടഡ് സ്‌പോയിലറും ജി വാഗണ്‍ ലുക്ക് നല്‍കുന്നു. വാഹനത്തിന് ഫുള്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിമും നല്‍കിയിട്ടുണ്ട്.
കറുപ്പ്, മഞ്ഞ നിറങ്ങളിലാണ് സീറ്റ് കവര്‍ അടക്കമുള്ളവയുടെ ഇന്റീരിയര്‍. 7ഡി മാറ്റ്, മഞ്ഞ നിറം നല്‍കിയിട്ടുള്ള സ്റ്റിയറിങ് വീല്‍ എന്നിവ മാത്രമല്ല ജി വാഗണ്‍ സ്റ്റൈലിലുള്ള എയര്‍കണ്ടീഷനിങ് വെന്റുകളും ഈ വാഹനത്തിലുണ്ട്. ഏതാണ്ട് ജിംനി വാങ്ങാന്‍ ചെലവാകുന്ന തുക വച്ചാണ് ജിമ്‌നിയെ ജി വാഗണാക്കി മാറ്റിയിരിക്കുന്നത്.