ADVERTISEMENT

വൈദ്യുത സ്‌കൂട്ടറായി പുനരവതരിച്ച ബജാജ് ചേതക്കിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. ചേതക് അര്‍ബന്‍ എന്നു പേരിട്ടിരിക്കുന്ന വൈദ്യുത സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുള്ളവര്‍ക്ക് 1.21 ലക്ഷം രൂപ മുടക്കിയാല്‍ മുന്തിയ മോഡലായ ടെക്പാക് സ്വന്തമാക്കാനും സാധിക്കും. 

bajaj-chetak-2

ചേതക് വൈദ്യുത സ്‌കൂട്ടറിലെ 2.9kWh ബാറ്ററി തന്നെയാണ് ചേതക് അര്‍ബനുമുള്ളത്. എന്നാല്‍ നിലവിലെ 108 കിലോമീറ്റര്‍ റേഞ്ച് 113 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ പുതിയ അര്‍ബനില്‍ ബജാജിന് സാധിച്ചിട്ടുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 63 കിലോമീറ്ററാണ്. ടെക്പാക് സ്വന്തമാക്കുന്നവര്‍ക്ക് ഇത് 73 കിലോമീറ്ററായി ഉയര്‍ത്താനാവും. ടെക്പാകില്‍ ഉയര്‍ന്ന വേഗത മാത്രമല്ല ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, ഫുള്‍ ആപ് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും ടെക്പാകില്‍ ലഭിക്കും. അതേസമയം രണ്ടിലും ഒരേ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. 

ബജാജ് ചേതകിന് നിലവില്‍ മൂന്നുമണിക്കൂറും 50 മിനുറ്റും വേണം പൂര്‍ണമായും ചാര്‍ജു ചെയ്യാനെങ്കില്‍ ചേതക് അര്‍ബന് നാലു മണിക്കൂറും 50 മിനുറ്റും വേണം. എങ്കിലും പുതിയ സംവിധാനത്തില്‍ ചാര്‍ജിങ് റേറ്റ് 800W എന്നത് 650W ആക്കി കുറക്കാന്‍ സാധിച്ചത് നേട്ടമാണ്. നാലു നിറങ്ങളിലാണ് ചേതക് അര്‍ബന്‍ എത്തുന്നത്. മാറ്റെ കോസെ ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക്. ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ സ്റ്റൈലിങ് നല്‍കാനുള്ള സൗകര്യവുമുണ്ട്. 

ഒല എസ്1എക്‌സ്, ഏഥര്‍ 450, ടിവിഎസ് ഐക്യൂബ് എന്നിവയോടാണ് ചേതക് അര്‍ബന്‍ നേരിട്ടു മത്സരിക്കുക. വൈദ്യുത സ്‌കൂട്ടര്‍ രംഗത്തേക്ക് വൈകിയാണ് വന്നതെങ്കിലും ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മോഡല്‍ അവതരിപ്പിക്കാനാണ് ബജാജിന്റെ ശ്രമം. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ബജാജ് ചേതക് അര്‍ബന്‍. വൈദ്യുത സ്‌കൂട്ടര്‍ രംഗത്തെ വില്‍പന വര്‍ധിപ്പിക്കാന്‍ ചേതക് അര്‍ബന്റെ വരവ് സഹായിക്കുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.

English Summary:

Auto News, Bajaj Chetak Urbane Electric Scooter Launched At Rs 1.15 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com