ADVERTISEMENT

പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം നേട്ടം കൈവരിച്ച 2023 ഡിസംബറില്‍ ഇന്ത്യയില്‍ വിറ്റത് 2.93 ലക്ഷം കാറുകള്‍. വര്‍ഷം ആകെ 38.60 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ പല കാര്‍ നിര്‍മാതാക്കള്‍ ചേര്‍ന്ന് വിറ്റഴിച്ചത്. 2022 ഡിസംബറിലെ 2,85,431ല്‍ നിന്നു പാസഞ്ചര്‍ കാര്‍വില്‍പന 2.65 ശതമാനം വര്‍ധിച്ച് 2,93,005ലെത്തി. എങ്കിലും ഉത്സവ മാസമായ നവംബറിനെ(3,60,431) അപേക്ഷിച്ച് കാര്‍ വില്‍പനയില്‍ കുറവുണ്ടായി. ആകെ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.61 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കാനും ഇന്ത്യയിലെ കാര്‍ വിപണിക്ക് സാധിച്ചു.

maruti-suzuki-wagonr-1

ഒന്നാമൻ മാരുതി

2023 ഡിസംബറിലെ കണക്കുകളിലും മുന്നില്‍ ജനകീയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ്. 1,18,295 കാറുകളാണ് മാരുതി സുസുക്കി 2023ന്റെ അവസാനമാസത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 101 കാറുകള്‍ അധികം വില്‍ക്കാനും മാരുതി സുസുക്കിക്കായി. ആകെ വില്‍പനയുടെ 40.37 ശതമാനവും മാരുതി സുസുക്കിയാണ് സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ വൈദ്യുത കാറായ eVX കൂടി അവതരിപ്പിച്ച് 2024ലും മുന്നേറ്റമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം.

രണ്ടാം സ്ഥാനം പിടിച്ചെടുത്ത് ടാറ്റ

രണ്ടാം സ്ഥാനം ഹ്യുണ്ടേയില്‍ നിന്നും ടാറ്റ മോട്ടോഴ്‌സ് പിടിച്ചെടുത്തതും ഡിസബറിലെ പ്രധാന സംഭവമായി. 43,859 കാറുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. 2022 ഡിസംബറില്‍ ഇത് 37,190 ആയിരുന്നു. 14.97 ശതമാനം വിപണിവിഹിതവും ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കി. 2022 ഡിസംബറില്‍ ഇത് 13.03 ശതമാനമായിരുന്നു. വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ നേടിയ മുന്‍തൂക്കമാണ് ടാറ്റയെ ഈ നേട്ടത്തിന് സഹായിച്ചത്. പോയവര്‍ഷം പ്രതിമാസം ശരാശരി 5,763 വൈദ്യുതകാറുകള്‍ വില്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചിരുന്നു.

tata-nexon-6

മൂന്നാം സ്ഥാനത്തേക്കിറങ്ങിയ ഹ്യുണ്ടേയുടെ വില്‍പനയിലും ഇടിവ് പ്രകടമാണ്. 2022 ഡിസംബറില്‍ 41,998 കാറുകളാണ് വിറ്റതെങ്കില്‍ 2023 ഡിസംബറില്‍ ഇത് 39,501 ആയി ഹ്യുണ്ടേയുടെ വില്‍പന കുറഞ്ഞു. വിപണി വിഹിതം 2022 ഡിസംബറില്‍ 14.71 ആയിരുന്നെങ്കില്‍ 2023 ഡിസംബറില്‍ 13.48 ശതമാനമായും മാറി. അതേസമയം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രക്ക് വില്‍പനയില്‍ വര്‍ധന രേഖപ്പെടുത്താന്‍. മുന്‍ വര്‍ഷം 27,678 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2023 ഡിസംബറില്‍ ഇത് 31,544 ആയി വര്‍ധിച്ചു. അതേസമയംകിയയുടെ വില്‍പന 2022 ഡിസംബറിലെ 18,481ല്‍ നിന്നും 15,765ലേക്കാണ് കഴിഞ്ഞ ഡിസംബറില്‍ കുറഞ്ഞത്.

Toyota Hyryder
Toyota Hyryder

മുന്നേറി ടൊയോട്ടയും ഹോണ്ടയും

വാര്‍ഷിക വില്‍പനയില്‍ വര്‍ധനവ് കാണിച്ച മറ്റു പ്രധാന വാഹന നിര്‍മാതാക്കള്‍ ടൊയോട്ടയും(14,389) ഹോണ്ടയുമാണ്(7,896). ഫോക്‌സ്‌വാഗണ്‍ വില്‍പന 2022 ഡിസംബറിലെ 6,986ല്‍ നിന്നും കഴിഞ്ഞ മാസം 7,305ലേക്കാണ് കുറഞ്ഞത്. എംജി മോട്ടോഴ്‌സ് 2022 ഡിസംബറിലെ 3,133ല്‍ നിന്നും 2023 ഡിസംബറില്‍ 3,370ലേക്കെത്തിയിട്ടുണ്ട്. അതേസമയം റെനോക്കും(2,955) നിസാനും (2,084) വില്‍പനയില്‍ കുറവാണുണ്ടായിരിക്കുന്നത്. 

mercedes-benz-glc

കുറഞ്ഞെങ്കിലും ബെൻസ് തന്നെ മുന്നിൽ

ആഡംബര കാര്‍ വിഭാഗത്തില്‍ മെഴ്‌സിഡീസ് ബെന്‍സിന് ഇടിവാണുണ്ടായത്. 2023ല്‍ 1,319 കാറുകള്‍ വിറ്റ മെഴ്‌സിഡീസ് ബെന്‍സ് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,379 കാറുകള്‍ വിറ്റിരുന്നു. അതേസമയം ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഡിസംബറിലെ ഇന്ത്യയിലെ വില്‍പനയില്‍ നേട്ടമുണ്ടാക്കി. 2022 ഡിസംബറില്‍ 869 കാറുകള്‍ വിറ്റ ബിഎംഡബ്ല്യു 2023 ഡിസംബറില്‍ വില്‍പന 1,128ആയി ഉയര്‍ത്തി. ജാഗ്വാര്‍(272), വോള്‍വോ(176), ബിവൈഡി(170), പോഷെ(80) എന്നിവരെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന മെച്ചപ്പെടുത്തി. സിട്രോണ്‍ 2023 ഡിസംബറില്‍(670) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 കാറുകള്‍ കൂടുതലായി വിറ്റു. അതേസമയം വില്‍പനയില്‍ ഏറ്റവും വലിയ ഇടിവുണ്ടായത് ഫിയറ്റിനാണ്(ജീപ്പ്). കഴിഞ്ഞ ഡിസംബറില്‍ 477 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2022 ഡിസംബറില്‍ 812 യൂണിറ്റുകള്‍ ഫിയറ്റ് വിറ്റിരുന്നു.

English Summary:

Auto News, Tata Overtakes Hyundai in December Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com