5 റൂട്ടുകളിൽ ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ ഉടൻ
Mail This Article
ന്യൂഡൽഹി∙ ഏപ്രിൽ മുതൽ രാജ്യത്തെ 5 പ്രധാന റൂട്ടുകളിൽ കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം തുടങ്ങും. 2 വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിയാണ് പരീക്ഷണം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം.
ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കം പരിശോധിക്കാനാണ് പദ്ധതി. രാജ്യത്ത് ഹരിത ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി തന്നെ നിർണയിക്കുന്നത് ഈ പരീക്ഷണത്തിലൂടെയായിരിക്കും.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിൽ പുണെയിലെ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എആർഎഐ) പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ട്രയലിൽ പങ്കെടുക്കാനായി സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ബിഡ് ക്ഷണിച്ചു.
ഗതാഗത മന്ത്രാലയം അഡീഷനൽ/ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ പ്രോജക്ട് അപ്രെയ്സൽ കമ്മിറ്റി (പിഎസി) ട്രയലിന്റെ വിലയിരുത്തൽ റിപ്പോർട്ട് 3 മാസത്തിലൊരിക്കൽ കേന്ദ്രത്തിന് നൽകും.
ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും കാര്യമായി ചെലവുള്ളതിനാൽ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനായി 496 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പരീക്ഷണത്തിൽ പങ്കെടുക്കുന്ന കമ്പനികൾ വാഹനവും ഡ്രൈവർമാരെയും ലഭ്യമാക്കണം.
പരീക്ഷണ റൂട്ടുകൾ ഇവ
∙ ചണ്ഡിഗഡ്–ഡൽഹി–ജയ്പുർ
∙ അഹമ്മദാബാദ്–മുംബൈ–പുണെ
∙ ചെന്നൈ–ഹൊസൂർ–ബെംഗളൂരു
∙ കൊൽക്കത്ത–ജംഷഡ്പുർ–റാഞ്ചി
∙ നാഗ്പുർ–ഇൻഡോർ
എന്താണ് ഗ്രീൻ ഹൈഡ്രജൻ?
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളിലൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ 'ക്ലീൻ' ആണെങ്കിലും അത് വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ.
സോളർ, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.
ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പഠിക്കാനാണ് ഈ പൈലറ്റ് പദ്ധതി. സാധാരണക്കാർക്ക് അറിവു പകരുകയെന്ന ലക്ഷ്യവുമുണ്ട്. ഭാവിയിലെ നയരൂപീകരണത്തിനായി ഇതിൽ നിന്നുള്ള ഡേറ്റ ഉപയോഗപ്പെടുത്താം. 5 റൂട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ അഭിപ്രായം പരിഗണിച്ച് ആവശ്യമെങ്കിൽ വർധിപ്പിക്കും."
ഡോ.റെജി മത്തായി (ഡയറക്ടർ, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ, പുണെ)