വരുന്നു പുത്തന്‍ ഇലക്ട്രിക് ട്രക്ക്; ഫീച്ചറുകൾ നിരവധി
Mail This Article
ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം.
സുരക്ഷയും പെര്‍ഫോമെന്‍സും മെച്ചപ്പെടുത്തുന്നതിന് സെന്‍ട്രലൈസ്ഡ് കമ്പ്യൂട്ടിങ് യൂണിറ്റുമായാണ്(സിസിയു) ട്രേസ വിഒ.2 വിന്റെ വരവ്. സാധാരണ ആധുനിക വൈദ്യുത വാഹനങ്ങളില്‍ നൂറു കണക്കിന് ഇസിയു(ഇലക്ട്രോണിക് കണ്ട്രോള് യൂണിറ്റ്സ്)കള്‍ ഉള്‍പ്പെടുന്നതാണ് കണ്ട്രോള് സിസ്റ്റം. 300kWh ബാറ്ററിയാണ് ട്രേസ വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. വെറും ഇരുപതു മിനുറ്റുകൊണ്ട് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും ട്രേസ ഈ വാഹനത്തിനായി അവതരിപ്പിച്ചിരിക്കുന്നു. റേഞ്ച് 350 കിമി.
ഐപി69 റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തില്‍ കയറ്റിയിരിക്കുന്ന ഭാരത്തിനും റേഞ്ചിനും അനുസരിച്ച് ബാറ്ററി മൊഡ്യൂളുകള്‍ കസ്റ്റമൈസ് ചെയ്യാനാവും. ഡ്രൈവര്‍ക്ക് നടുവിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഫ്ളക്സ് 350 പ്ലാറ്റ്ഫോമിലാണ് വിഒ.2 നിര്‍മിക്കുക. ബാറ്ററിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അമിതമായി ചൂടാവാതെ സൂക്ഷിക്കാനും ഫ്ളക്സ് 350 വഴി സാധിക്കും. പരമാവധി വേഗം മണിക്കൂറില്‍ 120 കിമി.
സാധാരണ ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇന്ധന, പരിപാലന ചെലവു വരുന്ന വിഒ.2 മറ്റു ട്രക്കുകളുമായി മത്സരിക്കാവുന്ന വിലയില്‍ പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം. 'വിഒ.2 അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഡെല്‍റ്റ എന്‍ജിനീയറിങ് ഫിലോസഫിയില്‍ നിര്‍മിച്ച വാഹനമാണിത്. റോഡില്‍ ഇറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ എല്ലാ ഭാഗവും ഞങ്ങള്‍ ആവര്‍ത്തിച്ച് പരീക്ഷിച്ചിരുന്നു' ട്രേസ മോട്ടോഴ്സ് സി.ഇഒ രോഹന് ശ്രാവണ്‍ അറിയിച്ചു.
ട്രക്ക് ഓടുന്ന സമയത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും വിവരശേഖരണം നടത്താന്‍ ടെലിമെട്രി സംവിധാനവും ട്രേസ വിഒ.2വിലുണ്ടാവും. ഈ വിവരങ്ങള്‍ പിന്നീട് വിശകലനം ചെയ്ത് വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. ബെംഗളുരു ആസ്ഥാനമായി 2022ല്‍ സ്ഥാപിച്ച കമ്പനിയാണ് ട്രേസ മോട്ടോഴ്സ്. 18ടണ്‍ മുതല്‍ 55 ടണ്‍ വരെയുള്ള ഗ്രോസ് വെഹിക്കിള്‍ വൈറ്റ്(GVW) വിഭാഗത്തിലുള്ള ട്രക്കുകളാണ് നിര്‍മിക്കുക.