മുന്നിൽ ഓല, പിന്നാലെ ടിവിഎസും ബജാജും; വൈദ്യുത ഇരുചക്ര വാഹന വില്പനയില് കുതിപ്പ്
Mail This Article
ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വില്പനയില് കുതിപ്പ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് 72.48% വര്‍ധിച്ച് ഇത്തവണ ജൂണിലെ വില്പന 79,530ലെത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് 3.41% വില്പന വളര്‍ച്ചയും രേഖപ്പെടുത്തി. മെയ് മാസം 76,907 വൈദ്യുത സ്കൂട്ടറുകളാണ് വിറ്റിരുന്നത്. ആകെ വില്പനയുടെ 46 ശതമാനവുമായി ഒല ഇലക്ട്രിക്കാണ് മുന്നില്‍.
ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ഒല തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. 36,723 വൈദ്യുത സ്കൂട്ടറുകള് വിറ്റാണ് ജൂണില്‍ ഒല ഇലക്ട്രിക്ക് ഒന്നാമതെത്തിയത്. കഴിഞ്ഞ മാസങ്ങളിലെ മുന്‍തൂക്കം ഒല തുടരുകയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.51% വില്പന വളര്‍ച്ച നേടാനും ഒലക്കായി. കഴിഞ്ഞ വര്‍ഷം 17,692 ഒല സ്കൂട്ടറുകളാണ് ജൂണില്‍ വിറ്റത്. അതേസമയം മെയ് മാസത്തെ(37,225) അപേക്ഷിച്ച് വില്പനയില് നേരിയ കുറവും ഒല രേഖപ്പെടുത്തി.
രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് മോട്ടോര്‍ ജൂണില്‍ 13,904 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റു. മുന്‍ വര്‍ഷത്തെ (7,867) അപേക്ഷിച്ച് 76.74% വില്പന വളര്‍ച്ച. മെയ് മാസത്തില്‍ 11,788 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റ ടിവിഎസ് ജൂണില്‍ 17.95% പ്രതിമാസ വില്പന വളര്‍ച്ചയും രേഖപ്പെടുത്തി.
ചേതക് ഇലക്ട്രിക് സ്കൂട്ടറുമായി വിപണി പിടിക്കുന്ന ബജാജ് ഓട്ടോ മൂന്നാം സ്ഥാനത്തെത്തി. 8,990 ചേതക് ഇലക്ട്രിക് സ്കൂട്ടറുകളാണ് ബജാജ് ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ വിറ്റത്. മുന്‍ വര്ഷത്തെഅപേക്ഷിച്ച് 198.57% വാര്‍ഷിക വില്പന വളര്‍ച്ചയും ബജാജ് ഓട്ടോ നേടി. കഴിഞ്ഞ ജൂണില്‍ 3,011 ഇലക്ട്രിക് സ്കൂട്ടറുകള് മാത്രമാണ് ബജാജ് വിറ്റത്. അതേസമയം മെയ് മാസത്തെ(9,214) അപേക്ഷിച്ച് ബജാജിന്റെ വില്പനയില് 2.43% കുറവും സംഭവിച്ചു.
മറ്റൊരു മികച്ച പ്രകടനം നടത്തിയ കമ്പനി നാലാമതുള്ള ഏഥര്‍ എനര്‍ജിയാണ്. ജൂണില്‍ 6,104 ഇലക്ട്രിക് സ്കൂട്ടറുകള് ഇന്ത്യയില്‍ വില്ക്കാന് ഏഥറിനായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,603 ഇലക്ട്രിക് സ്കൂട്ടറുകള് മാത്രമാണ് ഏഥര്‍ വിറ്റിരുന്നത്. വാര്‍ഷിക വില്പന വളര്‍ച്ച 32.61%. മെയ് മാസത്തില്‍ 6,045 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റതു വെച്ചു നോക്കുമ്പോള്‍ ജൂണില്‍ പ്രതിമാസ വില്പന വളര്‍ച്ച ഒരു ശതമാനത്തിലേക്കൊതുങ്ങിയെന്നു മാത്രം.
ഇലക്ട്രിക് സ്കൂട്ടര്‍ രംഗത്ത് സജീവമായ മറ്റൊരു പ്രധാന കമ്പനിയായ ഹീറോ മോട്ടോ കോര്‍പും വില്പനയില് കുതിപ്പു നടത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ 465 സ്കൂട്ടറുകള് വിറ്റ ഹീറോ മോട്ടോകോര്‍പ് ഇത്തവണ 3,069 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റ് കരുത്ത് തെളിയിച്ചു. പ്രതിവര്‍ഷ വില്പന വളര്‍ച്ച 560%. ജൂണിലെ വില്പനയുടെ കണക്കു നോക്കുമ്പോള്‍ ഏറ്റവും കൂടിയ വാര്‍ഷിക വില്പന വളര്‍ച്ച ഹീറോക്ക് സ്വന്തം. മെയ് മാസത്തെ(2,456) അപേക്ഷിച്ച് 25ശതമാനത്തോളം പ്രതിമാസ വില്പന വളര്‍ച്ച നേടാനും ഹീറോക്കായി.
ജൂണില്‍ 1,062 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റ് ബിഗാസും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ജൂണില്‍ ഇരുന്നൂറില്‍ താഴെ മാത്രം വില്പന നടത്തിയ ബിഗാസ് 456% വാര്‍ഷിക വില്പന വളര്‍ച്ച നേടുകയും ചെയ്തു. എങ്കിലും മെയ് മാസത്തെ(1,158) അപേക്ഷിച്ച് എട്ടുശതമാനം കുറഞ്ഞ വില്പനയാണ് ബിഗാസ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ ആകെ 996 സ്കൂട്ടറുകള് മാത്രം വിറ്റ വാര്‍ഡ് വിസാര്‍ഡ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 103% വില്പന വളര്‍ച്ച നേടുകയും ചെയ്തു.
താരതമ്യേന പ്രസിദ്ധമല്ലാത്ത ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകള്‍ മികച്ച പ്രകടനം നടത്തിയെന്നതും ജൂണിലെ വില്പനയുടെ കണക്കില്‍ ശ്രദ്ധേയമായി. ഏറ്റവും മികച്ച വാര്‍ഷിക വില്പന വളര്‍ച്ച നേടിയത് ക്വാണ്ടം എനര്‍ജിയാണ്. 754ശതമാനം വളര്‍ച്ചയാണ് ഇവര്‍ കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഈ ജൂണില്‍ സ്വന്തമാക്കിയത്. 660 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റെങ്കിലും വാര്‍ഷിക വില്പനയിലും പ്രതിമാസ വില്പനയിലും റിവോള്‍ട്ട് പിന്നിലേക്കു പോവുകയാണുണ്ടായത്. അതേസമയം ഒകായ(507), കൈനറ്റിക് ഗ്രീന്‍(457) എന്നീ കമ്പനികള്‍ വാര്‍ഷിക വില്പനയില് മുന്നേറ്റം രേഖപ്പെടുത്തി. മറ്റൊരു കമ്പനിയായ ഒകിനാവ ജൂണില്‍(382) വാര്‍ഷിക വില്പനയിലും(85%) പ്രതിമാസ വില്പനയിലും(33%) ഇടിവു രേഖപ്പെടുത്തി.