സൺറൂഫിന്റെ ആഡംബരം, കുറഞ്ഞ വില; വിപണിയിലെ 6 എസ്യുവികൾ ഇത്
Mail This Article
സണ്‍റൂഫ് ആഡംബര സൗകര്യം എന്നതില്‍ നിന്നും സാധാരണ കാറുകളിലെ ഫീച്ചറായിട്ട് അധികം നാളായിട്ടില്ല. ഫീച്ചറുകള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ പരിവേഷമാണ് സണ്‍റൂഫിന്. സണ്‍റൂഫുള്ള മോഡലുകള്‍ അതിവേഗം വിറ്റഴിഞ്ഞതോടെ കൂടുതല്‍ മോഡലുകളിലേക്ക് കാര്‍ നിര്‍മാതാക്കളും ഈ ഫീച്ചറിനെ വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന എസ് യു വി വിപണിയില്‍ സണ്‍റൂഫുള്ള നിരവധി മോഡലുകള്‍ ലഭ്യമാണ്. പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ജനകീയ മോഡലുകളെ അറിയാം.
മഹീന്ദ്ര എക്സ് യു വി 3എക്സ്ഒ
പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്ലി എസ് യു വികളുടെ പട്ടികയെടുത്താല്‍ ആദ്യം വരും മഹീന്ദ്രയുടെ എക്സ് യു വി 3എക്സ്ഒ. ഉയര്‍ന്ന വകഭേദമായ എഎക്സ്7ലാണ് ഈ ഫീച്ചറുളളത്. വില 12.49 ലക്ഷം രൂപ. ഇന്ത്യയില്‍ ഈ ഫീച്ചര്‍ നല്കുന്ന ഏക കോംപാക്ട് എസ് യു വിയാണിത്.
എംജി അസ്റ്റര്‍
തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ എംജി അസ്റ്റര്‍ പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വില 13.11 ലക്ഷം രൂപ മുതല്‍. രണ്ട് എന്ജിന് ഓപ്ഷനുകള്‍. 110 എച്ച്പി, 144എന്‍എം, 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 140എച്ച്പി, 220എന്‍എം, 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കിയ സെല്‍റ്റോസ്
എച്ച്ടികെ+ വകഭേദം മുതലാണ് കിയ സെല്‍റ്റോസില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചറുള്ളത്. വില 14.06 ലക്ഷം മുതല്‍. 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് 116എച്ച്പി കരുത്തും പരമാവധി 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 160എച്ച്പി കരുത്തും പരമാവധി 253 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍, സിവിടി, ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് എന്നിങ്ങനെയാണ് ഗിയര്‍ ബോക്സ് ഓപ്ഷനുകള്‍.
ഹ്യുണ്ടേയ് ക്രേറ്റ
മിഡ്സ് സ്പെക് എസ്(O) വകഭേദം മുതലാണ് ഹ്യുണ്ടേയ് ക്രേറ്റയില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചറുള്ളത്. വില 14.36 ലക്ഷം രൂപ മുതല്‍. കിയ സെല്‍റ്റോസിന്റെ അതേ എന്ജിന് ഓപ്ഷനുകള്‍. ഒരേ കപ്പാസിറ്റിയുള്ള നാച്ചുറലി എസ്പയേഡ് പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് സെല്‍റ്റോസിലും ക്രേറ്റയിലുമുള്ളത്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
മൈല്‍ഡ് ഹൈബ്രിഡ് വകഭേദമായ ആല്‍ഫ മുതലാണ് ഗ്രാന്‍ഡ് വിറ്റാരയില്‍ മാരുതി സുസുക്കി പനോരമിക് സണ്‍ റൂഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില 15.51 ലക്ഷം രൂപ മുതല്‍. 103എച്ച്പി, 137എന്‍എം, 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇ-സിവിടി ഹൈബ്രിഡ് പവര്‍ട്രയിന്‍ കൂടി എത്തുന്നതോടെ കരുത്ത് 116എച്ച്പിയായി മാറും.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍
ടോയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിലും പനോരമിക് സണ്‍റൂഫ് ഫീച്ചറുണ്ട്. ഏറ്റവും ഉയര്‍ന്ന വി വകഭേത്തില്‍ പെട്രോള്‍ എന്‍ജിനിലും ജി, വി വകഭേദങ്ങളില്‍ സ്ട്രോങ് ഹൈബ്രിഡ് പവര്ട്രെയിനിലുമാണ് പനോരമിക് സണ്‍റൂഫ് വരുന്നത്. വില 16.04 ലക്ഷം രൂപ മുതല്‍. ഗ്രാന്‍ഡ് വിറ്റാരയുടെ പവര്‍ട്രെയിന്‍ തന്നെയാണ് ടൊയോട്ടയുടെ ബ്രാന്‍ഡ് എന്‍ജിനിയേഡ് വകഭേദമായ അര്‍ബന്‍ ക്രൂസര്‍ ഹൈ റൈഡറിലും.