ആ വാഹനം വാങ്ങിയ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന വൃദ്ധ ദമ്പതികള്‍
![nissan nissan](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2024/9/11/nissan.jpg?w=1120&h=583)
Mail This Article
ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹം തോന്നാത്തവർ വിരളമായിരിക്കുമല്ലേ? അധ്വാനിച്ചു സ്വന്തമാക്കിയ വാഹനം കയ്യിൽ കിട്ടിയപ്പോൾ സന്തോഷത്താൽ നൃത്തം ചെയ്യുന്ന വൃദ്ധ ദമ്പതികളുടെ വിഡിയോ നിസാൻ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് പങ്കുവെച്ചത്. നിസാൻ മാഗ്നൈറ്റ് സബ് കോംപാക്ട് എസ് യു വിയുടെ ഡെലിവറി സ്വീകരിച്ചതിനു ശേഷമാണ് പാട്ടിനൊപ്പം ഇരുവരും ആനന്ദ നൃത്തം ചവിട്ടിയത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ ഇരുവരുടെയും സന്തോഷത്തിനൊപ്പം ചേർന്നിരിക്കുകയാണ് നെറ്റിസൺസ്. ഏകദേശം 5.87 ലക്ഷം രൂപ മുതൽ 10.56 ലക്ഷം രൂപ വരെയാണ് വാഹനത്തിനു വില വരുന്നത്.
നിസ്സാൻ നെക്സ്റ്റ് എന്ന പരിവർത്തന പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ അവതരിപ്പിച്ച ആദ്യ മോഡലായ മാഗ്‌നൈറ്റ് രണ്ടു പെട്രോൾ എൻജിൻ മോഡലുകളുണ്ട്. കാറിലെ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 97 ബി എച്ച് പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റർ എൻജിൻ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എൻ എമ്മോളം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കും കൂട്ട്. അതേസമയം ടർബോ എൻജിനൊപ്പം എക്സ് – ട്രോണിക് സി വി ടി ഗീയർബോക്സും ലഭ്യമാണ്.
ടർബോ എൻജിൻ – മാനുവൽ ട്രാൻസ്മിഷൻ സഖ്യത്തിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്. ഇതേ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും.