ബസുകളേക്കാള്‍ കുറഞ്ഞ നിരക്ക്, ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ വരുന്നു
Mail This Article
അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇലോണ്‍ മസ്‌ക്. ആഡംബര വൈദ്യുത കാറുകള്‍ നിര്‍മിക്കുമെന്നും ചൊവ്വയില്‍ കോളനി സ്ഥാപിക്കുമെന്നും വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ നിര്‍മിക്കുമെന്നെല്ലാം പറഞ്ഞ് എലോണ്‍ മസ്‌ക് ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓടുന്ന റോബോ ടാക്‌സികള്‍ പുറത്തിറക്കുമെന്ന് പറഞ്ഞാണ് എലോണ്‍ മസ്‌ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ വന്നു കഴിഞ്ഞാല്‍ ബസുകളുടെ ആവശ്യം പോലുമുണ്ടാവില്ലെന്നു കടത്തി പറയാനും ഇലോണ്‍ മസ്‌ക് മടിച്ചില്ല.
വൈദ്യുത ബസുകള്‍ തണുത്ത കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു ഇലോണ്‍ മസ്‌ക്. ആദ്യഘട്ടത്തില്‍ ഈ പ്രചാരണത്തിന് വസ്തുതയില്ലെന്ന് തെളിയിക്കുന്ന വാദങ്ങളാണ് മസ്‌ക് മുന്നോട്ടുവെച്ചത്. തണുത്ത കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട സംവിധാനങ്ങളുണ്ടെങ്കില്‍ വൈദ്യുത ബസുകള്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കുമെന്നാണ് എലോണ്‍ മസ്‌ക് ഉറപ്പിച്ച് പറയുന്നത്.
ബസുകളുടെ ബാറ്ററികള്‍ താരതമ്യേന ചെറുതാണെങ്കില്‍ ടെസ്‌ലക്ക് ധ്രുവപ്രദേശങ്ങളില്‍ പോലും പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നുണ്ട്. ഇതിന്റെ കൂട്ടത്തില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞകാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. 'പൂര്‍ണമായും സെല്‍ഫ് ഡ്രൈവിങ് ടെസ്‌ല ആരംഭിച്ചു കഴിഞ്ഞാല്‍ ടാക്‌സിയുടെ ആവശ്യം പോലുമുണ്ടാവില്ല. കാരണം ടെസ്‌ല ടാക്‌സികള്‍ ബസിന്റെ അതേ നിരക്കില്‍ യാത്രികരെ കൊണ്ടുപോവും ' എന്നാണ് എലോണ്‍ മസ്‌ക് പറയുന്നത്.
മസ്‌കിന്റെ അവകാശവാദം പ്രായോഗികമായി ശരിയാവുമോ എന്ന കാര്യം പിന്നീട് പലരും പരിശോധിച്ചു. ബസുകളും സബ് വേകളും അടങ്ങുന്ന ന്യൂയോര്‍ക്ക് സിറ്റി മെട്രോ യാര്‍ഡില്‍ പ്രതിമാസം ഒരാള്‍ക്ക് ശരാശരി 132 ഡോളറാണ് ചിലവു വരുമെന്നാണ് ഇലക്‌ട്രെക്ക് ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ശരാശരി 13 മൈലാണ് നഗരത്തിലെ യാത്രികര്‍ സഞ്ചരിക്കുന്നത്. ഇതിനായി ഓരോ മൈലിനും 0.34 ഡോളറാണ് ചിലവു വരുന്നത്.
ടെസ്‌ല റോബോടാക്‌സികള്‍ വന്നു കഴിഞ്ഞാല്‍ ബസുകള്‍ വേണ്ടി വരില്ലെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം വന്ന ശേഷം ഇതേക്കുറിച്ച് വിര്‍ജിനിയ യൂനിവേഴ്‌സിറ്റിയും ടെക്‌സസ് യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന് ഒരു പഠനം നടത്തുക പോലും ചെയ്തു. ടെസ്‌ല മോഡല്‍ 3യില്‍ ഏറ്റവും കുറഞ്ഞത് 0.663 ഡോളര്‍ ഒരു മൈല്‍ സഞ്ചരിക്കാന്‍ വേണ്ടി വരുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് അമേരിക്കയിലെ ബസ് യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. എന്നാല്‍ ഊബറുമായി തട്ടിച്ചു നോക്കുമ്പോള്‍ ലാഭവുമാണ്. ശരാശരി 1-2 ഡോളറാണ് ഒരു മൈലിന് ഊബര്‍ ഈടാക്കുന്നത്.
പൊതു ഗതാഗത സംവിധാനം ടെസ്‌ല റോബോടാക്‌സികളുടെ വരവോടെ തകരുമെന്ന എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ അല്‍പം അതിശയോക്തി കലര്‍ന്നിട്ടുണ്ടെന്നു തന്നെ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് പറയേണ്ടി വരും. എങ്കിലും പൂര്‍ണമായും സ്വയം നിയന്ത്രിക്കുന്ന റോബോ ടാക്‌സികള്‍ വന്നാല്‍ അത് ടാക്‌സി മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്ന് ഉറപ്പിച്ച് പറയാനുമാവും.