ADVERTISEMENT

മുഖം മിനുക്കിയെത്തുന്ന മാഗ്‌നൈറ്റിന്റെ ടീസര്‍ വിഡിയോ പുറത്തുവിട്ട് നിസാന്‍. ഒക്ടോബര്‍ നാലിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് എസ് യു വിയുടെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ശേഷം മാഗ്‌നൈറ്റ് ആദ്യമായാണ് മുഖം മിനുക്കിയെത്തുന്നത്, അപ്‌ഡേറ്റഡ് ഫീച്ചറുകളും പ്രതീക്ഷിക്കാം. എക്‌സ് ട്രെയില്‍ എത്തുന്നതിന് മുമ്പ് നിസാനു വേണ്ടി ഇന്ത്യയില്‍ ഒറ്റക്കു പൊരുതിയ മോഡലാണ് മാഗ്‌നൈറ്റ്. 

ഡിസൈനില്‍ വളരെ കുറവ് മാറ്റങ്ങളോടെയാണ് മാഗ്‌നൈറ്റ് എത്തുന്നത് എന്നതിന്റെ സൂചന നേരത്തെ പുറത്തുവന്ന ചിത്രങ്ങളും ഇപ്പോഴത്തെ ടീസറും നല്‍കുന്നുണ്ട്. അപ്പോഴും മുന്നിലെ ഗ്രില്ലിലും ബംപറിലും മാറ്റങ്ങളുണ്ട്. ഫ്രഷ് ലുക്ക് നല്‍കുന്നതിന്റെ ഭാഗമായി പുതിയ ഹെഡ്‌ലാംപും എല്‍ഇഡി ഡിആര്‍എല്ലും മാഗ്നൈറ്റിന് നല്‍കിയിട്ടുണ്ട്. അലോയ് വീലുകളിലുള്ള മാറ്റങ്ങളോടെ പുതിയ മാഗ്‌നൈറ്റിന്റെ സൂചന ലഭിച്ച പുറംമോടിയിലെ പ്രധാന മാറ്റങ്ങള്‍ പൂര്‍ത്തിയായി. 

ടീസറില്‍ അടക്കം ഇന്റീരിയറിനെക്കുറിച്ച് നിസാന്‍ സൂചനകള്‍ നല്‍കുന്നില്ല. അപ്പോള്‍സ്ട്രിയില്‍ പുതു നിറങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ മികച്ച ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വയര്‍ലെസ് ചാര്‍ജര്‍, സണ്‍റൂഫ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും മാഗ്‌നൈറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സുരക്ഷയുടെ കാര്യത്തിലേക്കു വന്നാല്‍ ആറ് എയര്‍ബാഗുകള്‍ക്കു പുറമേ ഇഎസ്‌സി, എബിഎസ് വിത്ത് ഇബിഡി, പിന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഉള്‍പ്പെടുത്താനിടയുണ്ട്. 

മുഖം മിനുക്കിയെത്തുന്ന മാഗ്‌നൈറ്റിന്റെ എന്‍ജിന്‍ അടക്കമുള്ള ഭാഗങ്ങളില്‍ മാറ്റത്തിന് സാധ്യത കുറവാണ്. നിലവിലെ 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ തുടര്‍ന്നേക്കും. നാച്ചുറലി അസ്പയേഡ് മോഡൽ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേസമയം ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയിലേക്കും ടോര്‍ക്ക് 160 എന്‍എമ്മിലേക്കും വര്‍ധിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ് യു വികളിലൊന്നാണ് മാഗ്നൈറ്റ്. ഇന്ത്യയിലെ നിസാന്റെ തുറുപ്പു ചീട്ടാണ് മാഗ്‌നൈറ്റ്. വില കുറഞ്ഞ വകഭേദങ്ങളില്‍ റെനോ കൈഗര്‍, മാരുതി ഫ്രോങ്‌സ്, ടാറ്റ പഞ്ച് എന്നീ മോഡലുകളോടും ഉയര്‍ന്ന വകഭേദങ്ങളില്‍ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടേയ് വെന്യു എന്നിവയോടുമാണ് മാഗ്‌നൈറ്റ് മത്സരിക്കുന്നത്.

English Summary:

Nissan Magnite facelift teased ahead of October 4 launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com