ആദ്യ ഥാർ റോക്സിന്റെ വില 1.31 കോടി രൂപ, ലേലത്തിൽ സ്വന്തമാക്കി ആകാശ് മിൻഡ
Mail This Article
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ ആദ്യ മോഡൽ ലേലത്തിൽ സ്വന്തമാക്കി ഡൽഹി സ്വദേശി ആകാശ് മിൻഡ. റോക്സിന്റെ VIN 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നൽകി മിൻഡ കോർപറേഷൻ സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ൽ നടന്ന ഥാർ 3 ഡോറിന്റെ ആദ്യ മോഡൽ ലേലത്തിലും ആകാശ് തന്നെയാണ് വിജയിച്ചത്. അന്ന് 1.11 കോടി രൂപ മുടക്കിയാണ് ഥാർ 3 ഡോർ ലേലത്തിൽ പിടിച്ചത്.
സെപ്റ്റംബർ 15 ന് നടന്ന ഓൺലൈൻ ലേലത്തിനായി 10980 പേർ റജിസ്റ്റർ ചെയ്തിരുന്നു അതിൽ നിന്ന് 20 പേരാണ് ആദ്യ റോക്സ് ലഭിക്കാൻ വാശിയേറിയ പോരാട്ടം കാഴ്ച്ച വച്ചത് എന്നുമാണ് മഹീന്ദ്ര പറയുന്നത്. നെബുല ബ്ലൂ നിറത്തിലുള്ള വാഹനമാണ് ആകാശ് മിൻഡ് തിരഞ്ഞെടുത്തത്. 001 എന്ന പ്രത്യേക ഇൻസേർട്ടുമുള്ള വാഹനത്തിൽ മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പുമുണ്ടാകും. ലേലത്തിൽ ലഭിച്ച തുക നന്തി ഫൗണ്ടേഷനിലേയ്ക്ക് നൽകും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.
ഥാർ റോക്സിന്റെ ബുക്കിങ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1.76 ലക്ഷം ഓർഡറുകൾ ഥാര്‍ റോക്‌സിന് ലഭിച്ചിരുന്നു. ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്‌സിന്റെ ഡെലിവറി ആരംഭിക്കും. JATOയുടെ കണക്കുകള്‍ പ്രകാരം ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്‌സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ വരും!
റഫ് ലുക്കും ഓഫ്‌റോഡിങ് മികവും ഒത്തു ചേര്‍ന്ന കരുത്തുറ്റ വാഹനമെന്ന പേരുള്ളപ്പോഴും കുടുംബവുമൊത്തുള്ള യാത്രകള്‍ക്കും ദൈനംദിന ഉപയോഗത്തിനും യോജിച്ചതല്ലെന്ന പേരുദോഷവുമുണ്ടായിരുന്നു. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് മഹീന്ദ്ര പുതിയ ഥാര്‍ റോക്‌സിനെ പുറത്തിറക്കിയത്. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെ വിലയുള്ള ഥാര്‍ റോക്‌സിന്റെ എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് വാഹനത്തിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. ഒപ്പം 6 സ്പീഡ് ഓട്ടമാറ്റിക്ക് ഓപ്ഷനുമുണ്ട്.