ADVERTISEMENT

ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ ലോകത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡും. അവരുടെ ഇവി ബ്രാന്‍ഡായ ഫ്‌ളെയിങ് ഫ്‌ളീക്ക് കീഴിലെ ആദ്യ ഇവിയായ സി6 ആണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചരിക്കുന്നത്. ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്‌ളെയിങ് ഫ്‌ളീക്കു കീഴിലായിരിക്കും പുറത്തിറക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കുവേണ്ടി 1940കളില്‍ റോയല്‍ എന്‍ഫീല്‍ഡ് സവിശേഷമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിളുകളാണ് ഫ്‌ളെയിങ് ഫ്‌ളീ. പാരച്യൂട്ടുകളില്‍ വിമാനങ്ങളില്‍ നിന്നും യുദ്ധഭൂമിയിലേക്ക് നേരിട്ടിറക്കിയിരുന്ന ഭാരം കുറഞ്ഞ ഈ മോട്ടോര്‍ സൈക്കിളുകള്‍ ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കരുത്തുള്ളവയായിരുന്നു. 

പഴമയും പുതുമയും ഒത്തിണങ്ങിയ രൂപമാണ് ഫ്‌ളെയിങ് ഫ്‌ളീ സി6ന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്. ഉരുണ്ട എല്‍ഇഡി ഹെഡ്‌ലൈറ്റും ഇന്നത്തെ ഇരുചക്രവാഹനങ്ങളില്‍ കാണാത്ത ഗിര്‍ഡര്‍ ഫോര്‍ക്കും സി6ന് റെട്രോ ലുക്ക് നല്‍കുന്നുണ്ട്. സാധാരണ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് സി6ന്റേത്. 17 ഇഞ്ചിന്റെ മെലിഞ്ഞ ടയറുകളുള്ള സി6ല്‍ അലൂമിനിയം ഫ്രെയിമാണുള്ളത്. 

ഇവി വിപണിയിലെ ട്രന്‍ഡിന് അനുസരിച്ച് കൂടുതല്‍ നഗരയാത്രകള്‍ക്കിണങ്ങുന്ന ഭേദപ്പെട്ട റേഞ്ചും കുറഞ്ഞ ഭാരവുമുള്ള വാഹനമായിരിക്കും സി6. എന്നാല്‍ ബജറ്റ് ഫ്രണ്ട്‌ലി ഇവിയെന്ന വിഭാഗത്തിലായിരിക്കില്ല റോയല്‍ എന്‍ഫീല്‍ഡിന്റെ സി6 എത്തുക. സിംഗിള്‍ സീറ്റ് വകഭേദമാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും ഡബിള്‍ സീറ്റ് വകഭേദവും ലഭ്യമാണ്. വൃത്താകൃതിയിലാണ് ടിഎഫ്ടി ഡിസ്‌പ്ലേ. ലൈറ്റുകള്‍ എല്ലാം എല്‍ഇഡിയാണ്. വളവുകളില്‍ എബിഎസ് ആന്റ് ട്രാക്ഷന്‍ കണ്‍ട്രോള്‍. പ്രതീക്ഷിക്കുന്ന റേഞ്ച് 100-150 കീലോമീറ്റര്‍. റേഞ്ചും കരുത്തും ടോര്‍ക്കും അടക്കമുള്ള വിശദാംശങ്ങള്‍ ഔദ്യോഗികമായി പിന്നീടാണ് പുറത്തുവരിക. 

2026ലായിരിക്കും ഫ്‌ളെയിങ് ഫ്‌ളീ സി6 വില്‍പനക്കെത്തുക. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ നിലവിലെ ഡീലര്‍മാരില്‍ നിന്നാണോ പ്രത്യേക ഫ്‌ളെയിങ് ഫ്‌ളീ ഡീലര്‍ഷിപ്പുകള്‍ വഴിയാണോ സി6 വില്‍ക്കുകയെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. റിവോള്‍ട്ട് ആര്‍വി400, മാറ്റര്‍ ഏര 5000, ഒബെന്‍ റോര്‍, ഒല റോഡ്‌സ്റ്റര്‍, റാപ്തീ ടി30, ടോര്‍ക് ക്രാറ്റോസ് എന്നീ വൈദ്യുത മോട്ടോര്‍സൈക്കിളുകളോടായിരിക്കും ഫ്‌ളെയിങ് ഫ്‌ളീ സി6 മത്സരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com