ചരിത്രം കുറിച്ച് ടാറ്റ, കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ വാഹനം പഞ്ച്
Mail This Article
ഇന്ത്യൻ വാഹന വിപണിയിൽ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ടാറ്റ. 2024 ൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡൽ എന്ന ഖ്യാതി ഇനി ടാറ്റയുടെ പഞ്ചിനു സ്വന്തം. കഴിഞ്ഞ നാൽപതു വർഷമായി ഒന്നാം സ്ഥാനത്ത് തുടർന്ന് പോരുന്ന മാരുതി സുസുക്കിയെ പിന്തള്ളിയാണ് ടാറ്റ ഒന്നാമതെത്തിയത്. മൊത്ത വിൽപനയിൽ ഒന്നാം സ്ഥാനത്ത് മാരുതിയാണെങ്കിലും വർഷങ്ങളായി ഓൾട്ടോയും വാഗൺ ആറും സ്വിഫ്റ്റുമൊക്കെ കയ്യാളിയിരുന്ന ഒന്നാം സ്ഥാനമെന്ന പട്ടമാണ് മാരുതിക്ക് കൈമോശം വന്നത്. നാൽപതു വർഷത്തിന് ശേഷം ആദ്യമായാണ് മാരുതിയുടേതല്ലാത്ത ഒരു മോഡൽ ഒന്നാമതെത്തുന്നത്.
2024 ൽ പഞ്ചിന്റെ 2,02,030 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. രണ്ടാമതെത്തിയ വാഗൺ ആറിന്റെ 1,90,855 യൂണിറ്റുകളാണ് വിറ്റുപോയത്. മൂന്നാമതും നാലാമതുമെത്തിയത് മാരുതിയുടെ എർട്ടിഗയും ബ്രെസയുമാണ്. യഥാക്രമം 1,90,091, ഉം 1,88,160 യൂണിറ്റും വാഹനങ്ങൾ നിരത്തിലെത്തി. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് ക്രെറ്റ ആണ്.
2024 ഡിസംബറിൽ ടാറ്റയ്ക്ക് വിൽപനയിൽ 1.7 ശതമാനത്തിന്റെ വർധനവുണ്ടായി. 2023 ഡിസംബറിൽ 43471 യൂണിറ്റായിരുന്നു വിറ്റതെങ്കിൽ 2024 ലേക്ക് വരുമ്പോൾ 44221 യൂണിറ്റായി വിൽപനയുയർത്താൻ ടാറ്റയ്ക്ക് കഴിഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് എത്തിയ ഹ്യുണ്ടേയ്‌യുടെ 42208 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. 2023 ഡിസംബറിനെ അപേക്ഷിച്ച് 1.3 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ മാസത്തിലെ കണക്കുകൾ ഇങ്ങനെയാണെങ്കിലും ആഭ്യന്തര വിപണിയിൽ റെക്കോർഡ് നേട്ടവുമായാണ് ഹ്യുണ്ടേയ് 2024 അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 6,05,433 വാഹനങ്ങളാണ് ഹ്യുണ്ടേയ് യുടേതായി നിരത്തിലെത്തിയത്. ക്രെറ്റയും ഗ്രാൻഡ് ഐ 10 ഉം എക്സ്റ്ററുമാണ് വിൽപനയിൽ ആദ്യസ്ഥാനങ്ങളിൽ.