ബിഎച്ച് സീരീസ് വാഹന റജിസ്ട്രേഷൻ അനുവദിക്കണമെന്ന് കോടതി, നികുതി കേരള നിയമ പ്രകാരം
Mail This Article
ഭാരത് സീരീസ് (ബിഎച്ച് സീരീസ്) പ്രകാരം റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു കേരള വാഹന നികുതി നിയമ പ്രകാരമുള്ള വാഹന നികുതിയാണു ബാധകമെന്നു ഹൈക്കോടതി വ്യക്തമാക്കി. ബിഎച്ച് സീരീസ് പ്രകാരം വാഹനം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് ഡി.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാൻസ്പോർട്ട് അധികൃതർ ഹർജിക്കാരുടെ വാഹനങ്ങൾ ബിഎച്ച് സീരീസ് പ്രകാരം റജിസ്റ്റർ ചെയ്യാനും കേരള മോട്ടർ വാഹന നികുതി നിയമം 1976 പ്രകാരം നികുതി ഈടാക്കാനും ഹൈക്കോടതി നിർദേശിച്ചു. ബിഎച്ച്് റജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുമ്പോൾ അവിടെ വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. എന്നാൽ സംസ്ഥാന റജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ റജിസ്ട്രേഷൻ മാറ്റണം.
കേന്ദ്ര– സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ബിഎച്ച് സീരീസിൽ വാഹനം റജിസ്റ്റർ ചെയ്യാം. ഈ വാഹനങ്ങൾക്കു 2 വർഷത്തേക്കാണു നികുതി അടയ്ക്കേണ്ടത്. എന്നാൽ ഇത്തരം റജിസ്ട്രേഷൻ സംസ്ഥാനത്ത് അനുവദിക്കുന്നില്ലെന്നാണു ഹർജിക്കാർ അറിയിച്ചത്.
എന്താണ് ഭാരത് സീരിസ് റജിസ്ട്രേഷൻ
സ്വകാര്യ വാഹനങ്ങളുടെ സംസ്ഥാനാന്തര റജിസ്ട്രേഷന്‍ ഒഴിവാക്കാനാണ് ഏകീകൃത സംവിധാനമായ ബിഎച്ച് സീരീസ് 2021 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജോലിക്കാര്‍, പ്രതിരോധ മേഖലയിലുള്ളവര്‍, നാലിൽ അധികംധ സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സംവിധാനം ഉപകാരപ്രദമാണ്. പതിനഞ്ചു വർഷ നികുതിക്ക് പകരം രണ്ടു വർഷത്തേയ്ക്കാണ് നികുതി അടയ്ക്കേണ്ടത്.