ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2024ൽ ഓടിത്തുടങ്ങും. മുംബൈ–അഹമ്മദാബാദ് പാതയുടെ നിർമാണം അടുത്ത വർഷം തുടങ്ങി 2023ൽ പൂർത്തിയാക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപമായി.ഡൽഹി–മുംബൈ–ചെന്നൈ–കൊൽക്കത്ത വജ്ര ചതുഷ്കോണ അതിവേഗ പാതയും റയിൽവേയുടെ സജീവ പരിഗണനയിലുണ്ട്. രാജ്യത്തിന്റെ നാലു കോണുകളിലെ സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയാണിത്. ഡൽഹി–ചണ്ഡീഗഡ്–അമൃത്‌സർ, ചെന്നൈ–ബെംഗളൂരു–മൈസൂരു അതിവേഗ പാതകളും സമാന്തരമായി വികസിപ്പിക്കും.
മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി:
∙ അനുകൂല നിബന്ധനകൾ അംഗീകരിച്ചാൽ മികച്ച നിക്ഷേപാവസരമെന്ന വാഗ്ദാനം ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസി (ജൈക്ക) സ്വീകരിച്ചതോടെയാണു പദ്ധതി യാഥാർഥ്യമാകുന്നത്. പദ്ധതിച്ചെലവിന്റെ 80% ജൈക്ക വഹിക്കും. 70,000 കോടി രൂപ കണക്കാക്കി നിർമാണം തുടങ്ങുന്ന പദ്ധതി പൂർത്തിയാകുമ്പോൾ 98,000 കോടി രൂപ ചെലവായേക്കും.
∙ ജൈക്ക പണം നൽകുന്നത് 0.1% പലിശയ്ക്കാണ്. വായ്പാ കാലാവധി 50 വർഷം. തിരിച്ചടവിന് 10 വർഷം മോറട്ടോറിയം.
∙ 350 കിലോമീറ്ററ്റായിരിക്കും ട്രെയിനിന്റെ പരമാവധി വേഗം. മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ 500 കിലോമീറ്റർ പിന്നിടാൻ, സ്റ്റോപ്പുകളുടെ എണ്ണമനുസരിച്ച് രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ മതിയാവും.
∙ കൂടുതൽ സ്റ്റോപ്പുകളുണ്ടെങ്കിൽ ഫ്രഞ്ച് ട്രെയിനുകളായിരിക്കും അനുയോജ്യം. പെട്ടെന്നു വേഗമാർജിക്കുകയും പെട്ടെന്നു നിർത്തുകയും ചെയ്യാനാവും വിധമാണ് അവയുടെ രൂപകൽപന. നോൺ–സ്റ്റോപ് യാത്രയ്ക്കു യോജിച്ചതു ജപ്പാൻ ട്രെയിനുകളും.
∙ ഏറെക്കുറെ വിമാന ടിക്കറ്റ് നിരക്കായിരിക്കും ബുള്ളറ്റ് ട്രെയിനിലും. വിമാനയാത്രയ്ക്കു വേണ്ട ചെക്–ഇൻ സമയം ലാഭിക്കാം. ബോർഡ് യോഗങ്ങൾ വരെ ചേരാൻ കഴിയുന്ന സൗകര്യങ്ങൾ ബുള്ളറ്റിനെ കൂടുതൽ ആകർഷകമാക്കിയേക്കും.ഭൂമിയേറ്റെടുക്കലാണു മുഖ്യ വെല്ലുവിളി. സ്റ്റേഷനുകൾക്കു ഭൂമി വേണ്ടതാകട്ടെ തിരക്കേറിയ നഗരമേഖലകളിലും.മുംബൈയിൽ തങ്ങളുടെ പക്കലുള്ള ഭൂമി കൈമാറാൻ മഹാരാഷ്ട്ര സർക്കാർ മടിക്കുന്നു. എങ്കിലും പ്രാഥമിക തടസ്സങ്ങൾ ഈ വർഷം തന്നെ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ ഒരുക്കങ്ങൾ മുന്നോട്ട്.