എസ്സാർ ഓയിൽ പെട്രോൾ പമ്പുകൾ 3,000 പിന്നിട്ടു

രാജ്യത്തെ ഇന്ധന വിൽപ്പനശാലകളുടെ എണ്ണം 3,000 പിന്നിട്ടതായി സ്വകാര്യ മേഖല റിഫൈനറിയായ എസ്സാർ ഓയിൽ. ഇതോടെ 2015 — 16ൽ കമ്പനിയുടെ ഇന്ധന വിൽപ്പന 16 ലക്ഷം കിലോലീറ്ററായി; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 145% വർധനയാണിതെന്നും കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണു 3000—ാമത് റീട്ടെയ്ൽ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചതെന്നു കമ്പനി ഗുജറാത്തിലെ വാഡിനറിൽ നടന്ന 26—ാമതു വാർഷിക പൊതുയോഗത്തിൽ കമ്പനി വെളിപ്പെടുത്തി. പുതുതായി 2,800 പെട്രോൾ പമ്പുകൾ കൂടി തുറക്കാനും എസ്സാർ ഓയിലിനു പദ്ധതിയുണ്ട്; ഇവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ ഓഹരി വിൽപ്പനയ്ക്ക് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി സി ഐ)യുടെ അനുമതി ലഭിച്ചതായും എസ്സാർ ഓയിൽ എ ജി എമ്മിൽ വെളിപ്പെടുത്തി. ഓഹരി വിൽപ്പനയ്ക്ക് ആവശ്യമായ മറ്റ് അനുമതികൾ നേടിയെടുക്കാനുള്ള ശ്രമങ്ങളും തൃപ്തികരമായി പുരോഗമിക്കുന്നുണ്ട്. കമ്പനിയുടെ 98% ഓഹരികൾ റഷ്യയിലെ സ്ഥാപനങ്ങൾക്കു കൈമാറാനാണ് എസ്സാർ ഓയിലിന്റെ നീക്കം. പി ജെ എസ് റോസ്നെഫ്റ്റ് ഓയിൽ കമ്പനിയുടെ ഉപസ്ഥാപനമായ പെട്രോൾ കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് 49% ഓഹരി കൈമാറുക.

യുണൈറ്റഡ് ക്യാപിറ്റൽ പാർട്ണേഴ്സിന്റെയും ട്രഫിഗുരയുടെയും നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെസനി എന്റർപ്രൈസസ് കമ്പനി ലിമിറ്റഡാവും അവശേഷിക്കുന്ന 49% ഓഹരികൾ സ്വന്തമാക്കുക. വാഡിനറിലെ എണ്ണ ശുദ്ധീകരണ ശാലയും ചില്ലറ വിൽപ്പന ശാലകൾ ഉൾപ്പെട്ട ശൃംഖലയും അടക്കമാണ് എസ്സാർ ഓയിലിന്റെ ഓഹരി വിൽപ്പന. നേരിട്ടുള്ള വിദേശ നിക്ഷേപ വിഭാഗത്തിൽ രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിതെന്നും എസ്സാർ ഓയിൽ അവകാശപ്പെട്ടു.