പൊന്നിൽ പൊതിഞ്ഞ സൂപ്പർ കാർ

ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഓട്ടോമെക്കാനിക്ക ദുബായിൽ പ്രദർശിപ്പിക്കുന്ന സ്വർണം പൂശിയ സൂപ്പർകാർ

സൂപ്പർ കാറുകൾ പലതും ദുബായ്‌യിലെ ആളുകള്‍ കണ്ടിട്ടുണ്ടെങ്കിലും പൊന്നിൽ പൊതിഞ്ഞ സൂപ്പർകാറായിരുന്നു ഓട്ടോമെക്കാനിക്ക ദുബായിൽ ശ്രദ്ധാകേന്ദ്രം. പത്തുലക്ഷം ഡോളറാണു (ഏകദേശം 6.6 കോടിരൂപ) കാറിനു വില. ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന, വാഹന രംഗത്തെ പ്രമുഖ പ്രദർശനമായ ഓട്ടോ മെക്കാനിക്കയിൽ ജപ്പാൻ പവിലിയനാണു സ്വർണം പൂശിയ സൂപ്പർകാർ നിസാൻ ആർ 35 ജിടി-ആർ അവതരിപ്പിച്ചിരിക്കുന്നത്. കസ്റ്റമൈസ് ചെയ്ത കാറാണു പ്രദർശനത്തിലുള്ളത്. ജപ്പാൻ കമ്പനികളായ കൂൾ റെയ്സിങ്, ആർടിസ് എന്നിവ ചേർന്നാണു കാർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗോഡ്സില്ല എന്ന കാറിനു സ്വർണം പകർന്നതു തകാഹികോ ഇസാവ എന്ന കലാകാരൻ. ഇസ്‌ലാമിക് ചിത്രകലാശൈലിയിൽ സ്വർണത്തിൽ ചിത്രപ്പണിയുമുണ്ട്. കരുത്തുറ്റ എൻജിനു പിന്തുണ നൽകുന്ന ചില സാങ്കേതിക മാറ്റങ്ങളും കാറിൽ വരുത്തിയിട്ടുണ്ട്.

ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഓട്ടോമെക്കാനിക്ക ദുബായിൽ പ്രദർശിപ്പിക്കുന്ന സ്വർണം പൂശിയ സൂപ്പർകാർ

പത്തു വർഷമെടുത്താണു കാറിനുവേണ്ട പ്രത്യേക പെയിന്റ് നിർമിച്ചതെന്നും ചിത്രകലയ്ക്കും മറ്റും ആറുമാസമെടുത്തെന്നും കമ്പനി വക്താവ് കാസുയോ ഫുറൂഷോ പരഞ്ഞു. 80 ഡിഗ്രി സെൽഷ്യസ് ചൂടിലാണു പെയിന്റ് ഉണക്കിയെടുത്തത്. കാറിന്റെ എൻജിൻ ഭാഗങ്ങളിലും ഉള്ളിലും സ്വർണവർണം നൽകിയിട്ടുണ്ട്. പതിനഞ്ചു ഹാളുകളിലായി നടക്കുന്ന പ്രദർശനത്തിൽ വാഹന ഭാഗങ്ങൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, അറ്റകുറ്റപണി, ടയർ, ബാറ്ററി, ആക്സസറീസ് ആൻഡ് ട്യൂണിങ്, സെർവീസ് സ്റ്റേഷൻ ആൻഡ് കാർ വാഷ് തുടങ്ങിയ വിഭാഗങ്ങളിലാണു പ്രദർശനം. വിദേശത്തുനിന്നാണു 90% പ്രദർശകരും. ജപ്പാൻ, യുഎസ്എ, ജർമനി, ഇറ്റലി, ചൈന, ബ്രസീൽ, കൊറിയ, ദക്ഷിണാഫ്രിക്ക, പെറു, നെതർലൻഡ്, തുർക്കി, ഇറാൻ തുടങ്ങി 25 രാജ്യങ്ങളുടെ പവിലിയനുകളുണ്ട്. പ്രദർശനം ഇന്നു സമാപിക്കും.